തിരുവനന്തപുരം: കോവിഡ് രോഗ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കന്‍ ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബശ്രീയാണ് ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.
വയോജനങ്ങള്‍ക്ക് പുറമെ പ്രവാസികള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍ എന്നിവര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പദ്ധതിയിലൂടെ നല്‍കും. അയല്‍ക്കൂട്ടങ്ങള്‍ വഴിയും തിരഞ്ഞെടുത്ത റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ വഴിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളിയാവും. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍, തീരദേശ മേഖലയില്‍ ഉള്ളവര്‍ എന്നിവര്‍ക്കായി അവരുടെ വാമൊഴിയില്‍ തയ്യാറാക്കിയ സന്ദേശങ്ങള്‍ സര്‍ക്കാര്‍ എത്തിക്കും.
കോള്‍ സെന്ററുകള്‍ വഴി പ്രത്യേക പരിശീലനം ലഭിച്ച വളന്റിയര്‍മാര്‍ മുഖേന വയോജനങ്ങള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യും. വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.