ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ഇട്ട അണുബോംബുകള്‍ മനുഷ്യരാശിക്ക് തന്നെ ഭയപ്പെടുത്തുന്ന ഓര്‍മ്മയാണ്. അമേരിക്കയുടെ കൈവശമുള്ള അണുബോംബുകള്‍ പൊട്ടിയാല്‍ എന്തായിരിക്കും ഭൂമിയുടെ അവസ്ഥയെന്ന് രണ്ട് ഭൂപടങ്ങളിലൂടെ കാണിച്ചു തരികയാണ് ഒരു കൂട്ടം ഗവേഷകര്‍.
അമേരിക്കയുടേയും റഷ്യയുടേയും കൈവശമാണ് ലോകത്ത് നിലവിലുള്ള ആണവായുധങ്ങളുടെ 93 ശതമാനവും. അണുബോംബ് സ്‌ഫോടനങ്ങള്‍ വരുത്തുന്ന നാശനഷ്ടത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നതിനൊപ്പം അത് വരുത്തിവെക്കുന്ന കാലാവസ്ഥാ മാറ്റങ്ങളും ഭൂപടങ്ങള്‍ വെളിവാക്കുന്നു. ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടും (എഫ്എല്‍ഐ) സ്റ്റീവെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകന്‍ അലെക്‌സ് വെല്ലര്‍സ്‌റ്റൈനും ചേര്‍ന്നാണ് ഈ ഭൂപടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എഫ്എല്‍ഐ വെബ് സൈറ്റിലാണ് ഭൂപടങ്ങള്‍ വിശദമായി നല്‍കിയിരിക്കുന്നത്.
ബെര്‍ലിനില്‍ 1200 കിലോടണ്‍(കെ.ടി) ശേഷിയുള്ള അണുബോംബ് പതിച്ചാല്‍ 1.60ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും 13.54ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുമെന്നും കണക്കുകള്‍ പറയുന്നു. മാത്രമല്ല ബെര്‍ലിന്‍ നഗരത്തിന്റെ മുഖഛായ തന്നെ ഈ ആണവസ്‌ഫോടനം മാറ്റി മറിക്കുമെന്നും മുന്നറിയിപ്പുണ്ട്. അണുബോംബിട്ട നഗരത്തെ മാത്രമല്ല ദുരന്തം ബാധിക്കുക.
സമീപപ്രദേശങ്ങളിലേയും രാജ്യങ്ങളിലേയും കാലാവസ്ഥയെ പോലും അണുസ്‌ഫോടനം മാറ്റി മറിക്കും. 50കെടി മുതല്‍ 10000 കെടി വരെ ശേഷിയുള്ള അണുബോംബുകള്‍ അമേരിക്ക ലക്ഷ്യമിട്ട 1000 നഗരങ്ങളെ എങ്ങനെയെല്ലാം തകര്‍ത്തുകളയുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ അമേരിക്കയുടെ 1900ലേറെ അണുബോംബുകളും വഹിച്ചുള്ള മിസൈലുകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കരുതല്‍ ശേഖരത്തിലെ ആയിരത്തോളം വരുന്ന ആണവായുധങ്ങളില്‍ ഏത് വേണമെങ്കിലും അരമണിക്കൂറിനുള്ളില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനായി തയ്യാറാക്കാന്‍ അമേരിക്കന്‍ സൈന്യത്തിനാകും. ഈ അനിശ്ചിതാവസ്ഥ അപ്രതീക്ഷിതമായ ആണവയുദ്ധത്തിന് പോലും കാരണമായേക്കാമെന്ന ഭീഷണിയുമുണ്ട്.
പ്രഹരശേഷിയില്‍ ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകളേക്കാള്‍ ഏറെ മുകളിലാണ് നിലവില്‍ രാജ്യങ്ങളുടെ ആയുധശേഖരങ്ങളിലുള്ളതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
×