അബുദാബി: മുപ്പത്തി ഒമ്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ സമാപിച്ചു. അംഗ രാജ്യങ്ങളിലെ അഞ്ച് ഭരണാധികാരികളും ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.
യൈമനില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഭരണാധികാരികള്‍ ചര്‍ച്ച നടത്തി. അറബ് രാജ്യങ്ങളില്‍ സമാധാനവും സഹവര്‍ത്തിത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ ചര്‍ച്ച നടത്തിയത്. സമ്മേളനത്തില്‍ കുവൈത്ത് ഭരണാധികാരി ശൈഖ് സബ അല്‍ അഹമ്മദ് അല്‍ സബ ഖത്തറുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി.
സൗദി ഭരണാധികാരി പലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനായി ലോകത്തിന്റെ സഹായവും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് സംസാരിച്ചു. കിഴക്കന്‍ ജറുസലേമിലെ തലസ്ഥാനമാക്കിക്കൊണ്ട് പാലസ്തീനിന്റെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സുരക്ഷിതമാക്കാനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.