കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ കേരളത്തില്‍ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍. ശ്രീലങ്കന്‍ ചാവേര്‍ ഭീകരന്‍ സഹ്റാന്‍ ഹാഷിമിന്റെ ആശയപ്രചാരകനായിരുന്ന പാലക്കാട് കൊല്ലംകോട് റിയാസ് അബൂബക്കര്‍ എന്ന മലയാളിയെ അന്വേഷണ വിധേയമായി എന്‍ഐഎ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍.
കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയോട് പറഞ്ഞത്. ഇതിനുള്ള സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നുവെന്നും റിയാസ് വെളിപ്പെടുത്തി. എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്. ഇത് കൂടാതെ തൃശൂര്‍ പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങുകള്‍ എന്നിവയായിലേതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാനും ഇയാള്‍ പദ്ധതി ഇട്ടതായി സൂചനയുണ്ട്.
ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിയാസ് അബൂബക്കര്‍ എന്‍.ഐ.എയോട് വെളിപ്പെടുത്തിയത്. കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. കുറെനാളുകളായി റിയാസ് അബൂബക്കര്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ചു വരികയായിരുന്നു. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതാവ് സര്‍ഫ്രാസ് ഹാഷിമുമായി റിയാസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സര്‍ഫ്രാസ് ഹാഷിമിന്റെയും സക്കീര്‍ നായിക്കിന്റെയും തീവ്ര സ്വഭാവം ഉള്ള പ്രഭാഷണങ്ങളും ശബ്ദ സന്ദേശങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു
അഫ്ഗാനിസ്ഥാന്‍ വഴി സിറിയയില്‍ എത്തിയ അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഖയ്യൂം എന്നിവരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തി. ഇതേതുടര്‍ന്നാണ് റിയാസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ നിരീക്ഷണത്തിലായത്. 2016ല്‍ കാസര്‍കോട് സ്വദേശികളായ 15 യുവാക്കള്‍ ഐ എസില്‍ ചേര്‍ന്ന കേസിലാണ് റിയാസിനെ പ്രതിചേര്‍ത്തിരിക്കുന്നത്. കാസര്‍കോട് സ്വദേശികളായ അബദുള്‍ റഷീദ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയും എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു.