വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ശക്തമായി ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എല്ലാവരേയും പോയി ചൊറിഞ്ഞിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിന്റേതെന്നും റിയാസ് പറഞ്ഞു.

കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്‌നം പരിചയക്കുറവാണോയെന്ന് പറയണം. കരുണാകരനും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമുള്ള പരിചയ സമ്പത്ത് തനിക്കില്ലാത്തത് സതീശനെ അലട്ടുന്ന പ്രശ്‌നം മറ്റുള്ളവരുടെ തലയില്‍ വെച്ചു കെട്ടരുത്. അത്തരത്തിലുള്ള രീതി അദ്ദേഹം പിന്‍വലിക്കണം.

21 വര്‍ഷം എംഎല്‍എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവമില്ലെന്നാണോ സതീശന്‍ പറയുന്നത്. കാസര്‍കോട് മാധ്യമങ്ങളോടായിരുന്നു റിയാസിന്റെ പ്രതികരണം.

‘ചെറിയ കുട്ടികളെ പോലെ എല്ലാദിവസവും ഇങ്ങനെ പറഞ്ഞ് പോകരുത്. പണ്ട് ചെറുപ്പത്തില്‍ തനിക്ക് ഒരു സ്‌കൂളില്‍ ഒരു വികൃതിയായ കൂട്ടുകാരനുണ്ടായിരുന്നു. അവന്‍ എല്ലാവരേയും നിരന്തരം അക്രമിക്കും. ഒരുദിവസം ഒരു കുട്ടി തിരിച്ചടിച്ചു. പിന്നെ നിരന്തരം കരച്ചിലായിരുന്നു. മോങ്ങലാണ്. അപ്പോള്‍ അധ്യാപകന്‍ ആ കുട്ടിയെ വിളിച്ചിട്ട് പറഞ്ഞു. നീ എല്ലാവരേയും വേണ്ടാതെ അക്രമിക്കുമ്പോള്‍ തിരിച്ച് കിട്ടുമെന്ന് ഓര്‍ക്കണം മോനെ, അത് ആ സ്പിരിറ്റില്‍ എടുക്കണമെന്ന് പറഞ്ഞ് പഠിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിലും ആ സംഭവമാണ് ഓര്‍മ വരുന്നത്’ റിയാസ് പറഞ്ഞു.

ഒരു മന്ത്രി ആയത് കൊണ്ട് രാഷ്ട്രീയ നിലപാട് പറയാതിരിക്കില്ല. അതിന് പ്രതിപക്ഷ നേതാവിനോട് അനുമതി ചോദിക്കേണ്ടതില്ല. പാലാക്കാട്ടെ കൊലപാതകത്തെ പറ്റി പറയുമ്പോള്‍ സിപിഎമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് പരസ്യ പ്രസ്താവന നടത്തുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Top