നട്ടെല്ല് ആ‍ർഎസ്എസിന് പണയം വച്ചു, വി ഡി സതീശനെതിരെ തുറന്നടിച്ച് റിയാസ്

തിരുവനന്തപുരം : പരസ്പരം ആക്രമിച്ചും വിമർശിച്ചും ഭരണ പ്രതിപക്ഷ അം​ഗങ്ങൾ മുന്നേറുന്നതിനിടെ സതീശനെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാൻ പത്ര കട്ടിം​ഗ് കാണിക്കേണ്ട ​ഗതികേടിലാണ് പ്രതിപക്ഷമെന്ന് സതീശനെതിരെ റിയാസ് തുറന്നടിച്ചു. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തിൽ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു.

രാഷ്ട്രീയപരമായി ചോദ്യത്തെ നേരിടാൻ പറ്റാത്തത് കൊണ്ട് വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് മൂളിക്കൊണ്ടിരിക്കണം എന്നാണ് നിലപാട്. കേരളത്തിലെ മന്ത്രിമാർ അദ്ദേഹത്തിന്റെ വാലാട്ടിമാർ അല്ല. അദ്ദേഹം കുറെ കാലം എംഎൽഎ ആയിരുന്നിരിക്കാം. സതീശന്റെ താൻ പ്രമാണിത്വം വിലപ്പോകില്ല. സ്വന്തം പാർട്ടിയിൽ ചിലവാകാത്ത കാര്യം തങ്ങളുടെ അടുക്കൽ നടക്കില്ല.
പ്രതിപക്ഷ നേതാവായി സതീശനെ പറഞ്ഞത് നാല് എംഎൽഎമാർ മാത്രമാണ്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. അദ്ദേഹം ഭാഗ്യവാനാണെന്നും റിയാസ് പരിഹസിച്ചു.

സതീശന് പത്ര കട്ടിംങ് പ്രദർശിപ്പിക്കണമെന്നുണ്ടെങ്കിൽ ​ഗോൾവാൽക്കറുടെ ജന്മശദാബ്ദിക്ക് പൂജ നടത്തിയപ്പോൾ വണങ്ങി നിന്ന അദ്ദേഹത്തിന്റെ ഫോട്ടോയാണ് നൽകേണ്ടിയിരുന്നത്. പറവൂർ മനക്കൽപ്പടി സ്കൂളിൽ വച്ച് നടന്ന ആ പൂജയ്ക്ക് വിളക്ക് കത്തിക്കുന്ന ഫോട്ടോയുമുണ്ടെന്ന് റിയാസ്.

കേരളത്തിലെ മന്ത്രിമാരെ വ്യക്തിപരമായി ആക്രമിക്കുന്ന രീതി പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം. മതനിരപേക്ഷ പാരമ്പര്യമുള്ള കോൺ​ഗ്രസുകാരെ വഞ്ചിക്കരുത്. മതനിരപേക്ഷ പാരമ്പര്യമുള്ള കേരള നിയസഭ കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധിക്കാനുള്ള വേദിയാകാതിരിക്കാൻ ശ്രമിക്കരുത്. പാചകവാതക വില വർദ്ധനയിലോ കേരളത്തിനെ അപമാനിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയോ, ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തെ പിടിച്ചടക്കുമെന്ന് പറഞ്ഞതിനോടെ നിയമസഭയിൽ പ്രതിഷേധസ്വരം ഉയർത്താൻഎന്തുകൊണ്ട് പ്രതിപക്ഷ നേതാവ് തയ്യാറായില്ല? തങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് റിയാസ് പറഞ്ഞു.

ഇത് കേരളമാണ്. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയത്തെ സീരിയസായി കാണുന്നവരാണ്. ഇനിയും കോൺഗ്രസ്സ് നിലപാട് തുറന്നു കാണിക്കും. സ്വപ്ന സുരേഷിന്റെ പേര് പറഞ്ഞുള്ള ആരോപണത്തോട് ജനം തീരുമാനിക്കട്ടെ എന്ന് റിയാസ് പറഞ്ഞു. സതീശന് എല്ലാം അറിയാം എന്ന മനോഭാവമാണ്. അതിനോട് സന്ധി ചെയ്യാനില്ല. രാഷ്‌ടീയ കാര്യങ്ങളിൽ ഭയപ്പെടുത്തി കീഴ്പെടുത്താമെന്ന് കരുതേണ്ടെന്നും റിയാസ് തുറന്നടിച്ചു.

Top