പ്രതിപക്ഷത്തെ അനൈക്യം മോഡിക്ക് കരുത്താകുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെപ്പോലെയുള്ള ഒരു സി.പി.എം നേതാവിനെ. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ തുടര്‍പ്രതിഷേധങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗത്തില്‍ നിന്നും ആറ് പ്രധാന പാര്‍ട്ടികളാണ് വിട്ടു നിന്നിരിക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബി.എസ്.പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവരുടെ അഭാവമാണ് ഇതില്‍ പ്രധാനം. സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുപക്ഷകക്ഷികള്‍ പങ്കെടുത്തപ്പോഴും മമത, മായാവതി, എംകെ സ്റ്റാലിന്‍, കെജ്‌രിവാള്‍ എന്നിവരുടെ അഭാവം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പ്രതിപക്ഷത്തെ ഈ അനൈക്യമാണ് നരേന്ദ്രമോഡിക്കും അമിത്ഷാക്കും ഇപ്പോള്‍ കരുത്തായിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രമേയം പാക്കിസ്ഥാനെ പ്രീതിപ്പെടുത്താനുള്ളതാണെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രഖ്യാപനം തന്നെ ഈ ആത്മവിശ്വാസത്തെ തുടര്‍ന്നാണ്. മായാവതി, മുലായം സിങ് യാദവ്, സ്റ്റാലിന്‍, കെജ്‌രിവാള്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയാണ് ഈ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷയോടെ നോക്കി കാണുന്നത്. പ്രതിസന്ധികളില്‍ വിശ്വസിക്കാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനിപ്പോഴും സി.പി.എം. എ.ബി വാജ്‌പേയിയുടെ ബി.ജെ.പി സര്‍ക്കാരിനെ താഴെ ഇറക്കിയത് അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് നടത്തിയ രാഷ്ട്രീയ ചാണക്യനീക്കങ്ങളെ തുടര്‍ന്നായിരുന്നു.
അമിത്ഷായെ രാഷ്ട്രീയ ചാണക്യനായി വാഴ്ത്തുന്ന മാധ്യമങ്ങള്‍ കാണാതെ പോകുന്നത്, ബി.ജെ.പിയുടെ ആദ്യ സര്‍ക്കാരിനെ തകര്‍ത്ത് മതേതര കക്ഷികളുടെ ഭരണം സമ്മാനിച്ച സുര്‍ജിത് എന്ന കമ്യൂണിസ്റ്റ് നേതാവിനെയാണ്. അമിത്ഷായെ വെല്ലുന്ന രാഷ്ട്രീയ ചാണക്യ നീക്കങ്ങളാണ് സുര്‍ജിത് മുന്‍പ് നടത്തിയിരുന്നത്. അന്ന് അദ്ദേഹത്തിന്റെ വലംകൈയ്യായിരുന്നത് സീതാറാം യെച്ചൂരിയായിരുന്നു.
കോണ്‍ഗ്രസിന് ഇപ്പോഴും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളേക്കാള്‍ വിശ്വസിക്കാവുന്നത് കമ്യൂണിസ്റ്റ് നേതാക്കളെ തന്നെയാണ്.
ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കുമെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി.യു, ലോക്ജനശക്തി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവ നിലപാടെടുത്തിട്ടുപോലും കോണ്‍ഗ്രസിന് പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉണ്ടാക്കാന്‍ കഴിയാത്തത് ഏറെ ദയനീയമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ കഴിവില്ലായ്മയാണ് മോഡിയിപ്പോള്‍ ആയുധമാക്കുന്നത്.
അധികാരത്തിനുവേണ്ടി തമ്മിലടിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കാവുന്ന രാഷ്ട്രീയ പങ്കാളിയായി സി.പി.എമ്മിനെയും ഇടതുപക്ഷത്തെയുമാണ് കോണ്‍ഗ്രസ് എന്നും നോക്കികണ്ടിരുന്നത്.
വാജ്‌പേയിയുടെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് 2004ല്‍ മതേതരസര്‍ക്കാരിനെ അധികാരത്തിലേറ്റിയ കിങ്‌മേക്കര്‍ അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു. എന്‍.ഡി.എക്ക് 181 സീറ്റ് ലഭിച്ചിട്ടും തമ്മില്‍തല്ലി നിന്ന പ്രതിപക്ഷകക്ഷികളെ കൂട്ടിയോജിപ്പിച്ച് 218 സീറ്റുമായി കോണ്‍ഗ്രസ് ഭരണത്തിന് വഴിയൊരുക്കിയത് സുര്‍ജിത്തിന്റെ തന്ത്രപരമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു. സോണിയയില്‍ വിദേശ പൗരത്വം ആരോപിച്ച സംഘപരിവാറിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആ നീക്കങ്ങള്‍. സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ എസ്.പിയും ബി.എസ്.പിയുമടക്കം വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളെ യു.പി.എ എന്ന പേരില്‍ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ സുര്‍ജിത്തിനു കഴിഞ്ഞിരുന്നു. ഡല്‍ഹിയില്‍ സോണിയയുടെ ചായസല്‍ക്കാരങ്ങളിലെ ബുദ്ധികേന്ദ്രവും സുര്‍ജിത്ത് തന്നെയായിരുന്നു.
എന്നാല്‍ പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തേക്കുവരാതെ മന്‍മോഹന്‍സിങിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കുകയായിരുന്നു സോണിയ ചെയ്തത്. ഭരണത്തില്‍ സി.പി.എമ്മും ഇടതുകക്ഷികളും വേണമെന്ന നിര്‍ബന്ധവും സോണിയ ഉന്നയിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളികളാവാതെ സ്പീക്കര്‍ സ്ഥാനമേറ്റെടുത്ത് സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കാനാണ് സിപിഎം ശ്രമിച്ചിരുന്നത്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ സുര്‍ജിത്തും ജ്യോതിബസുവും യെച്ചൂരിയുമായിരുന്നു.
ലോക്‌സഭാ സ്പീക്കറായി സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജി ഏറെ തിളങ്ങിയ കാലമായിരുന്നു അത്. 59 എം.പിമാരുള്ള ഇടതുപക്ഷമായിരുന്നു ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കരുത്ത്. 39 സീറ്റുള്ള സമാജ്‌വാദി പാര്‍ട്ടിയുടെയും 19 സീറ്റുള്ള ബി.എസ്.പിയുടെയും പുറമെനിന്നുള്ള പിന്തുണ യു.പി.എ സഖ്യത്തിന് ഉറപ്പിക്കുന്നതിലും സുര്‍ജിത്തിന്റെ ഇടപെടലായിരുന്നു കോണ്‍ഗ്രസിന് തുണയായിരുന്നത്.
വിശ്വസിക്കുന്ന രാഷ്ട്രീയ പങ്കാളിയാണ് ഇടതുപക്ഷമെന്ന് അന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തമാക്കുകയുണ്ടായി. ഒട്ടേറെ ജനോപകാര പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും ഒന്നാം യു.പി.എയില്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു.
ഇന്ത്യാ- അമേരിക്ക ആണവകരാറിനെ ചൊല്ലിയാണ് 2008ല്‍ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും അടക്കം പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസത്തെ അതിജീവിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു. 2009തിലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ 262 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.പി.എ വീണ്ടും അധികാരത്തിലേറുകയും ചെയ്തു. കോണ്‍ഗ്രസിനുമാത്രം 206 സീറ്റാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്.
എന്നാല്‍ ഈ തുടര്‍ഭരണം നിയന്ത്രിക്കാന്‍ ഇടതുപക്ഷമില്ലാതായതോടെ അഴിമതിയില്‍ കൂപ്പുകുത്തുകയായിരുന്നു മന്‍മോഹന്‍ സര്‍ക്കാര്‍. അഴിമതിക്കെതിരെ ലക്ഷ്മണ രേഖവരക്കാന്‍ പൊതുമിനിമം പരിപാടിയുമായി ഇടതുനേതാക്കളുടെ കടുംപിടുത്തമില്ലാതായതോടെ ഘടകകക്ഷി മന്ത്രിമാര്‍, മന്ത്രാലയങ്ങള്‍ സ്വന്തം സാമ്രാജ്യമാക്കി മാറ്റുകയാണ് ചെയ്തിരുന്നത്.
ഡി.എം.കെ അടക്കമുള്ള സഖ്യകക്ഷികള്‍ വലിയ അഴിമതികള്‍ നടത്തിയപ്പോഴും വിലക്കാനാവാതെ കാഴ്ചക്കാരന്റെ റോളിലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. 1.76 ലക്ഷം കോടിയുടെ 2ജി സ്‌പെട്ക്രം അഴിമതി അടക്കമുള്ള കുംഭകോണങ്ങളാണ് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയിരുന്നത്.
അഴിമതിയില്‍ മുഖം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്താണ് 2014ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായത്. 2019ല്‍ ഭരണത്തുടര്‍ച്ചയും ബിജെപിക്ക് സാധ്യമായി. മോഡി സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെ ചെറുക്കാന്‍ കഴിയാതെ അന്തം വിട്ടിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷത്തിന് നേതൃത്വം കൊടുക്കേണ്ട ആ പാര്‍ട്ടിക്ക് സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ തന്നെ ഒപ്പം നിര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിദയനീയമായ കാഴ്ചയാണിത്.
മോഡിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെപ്പോലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലായുള്ള ഒരു നേതാവിനെയിപ്പോള്‍ ശരിക്കും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
രാഹുല്‍ഗാന്ധി ഏറെ വിശ്വാസ്യതയര്‍പ്പിക്കുന്ന നേതാവാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് നേരിട്ട് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ ഈ പിന്തുണ നിരസിക്കുകയാണുണ്ടായത്.
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനേക്കാളും കോണ്‍ഗ്രസിന് വിശ്വാസം യെച്ചൂരിയെയും സി.പി.എമ്മിനെയുമാണ്. അഖിലേഷ്, മായാവതി, കെജ്‌രിവാള്‍ അടക്കമുള്ള കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കളുമായി ബന്ധമുള്ള യെച്ചൂരിയിലാണ് നെഹ്‌റു കുടുംബവും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്.
സുര്‍ജിത്തിന്റെ റോളിലേക്ക് യെച്ചൂരി ഉയരണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
പൗരത്വ നിയമഭ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള ചങ്കൂറ്റം കാണിച്ചത് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരേക്കാളും ബംഗാളിലെ മമത ബാനര്‍ജിയേക്കാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുത്തത് കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയും പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഞെട്ടിച്ചിട്ടുണ്ട്. നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിനോ മമതയ്‌ക്കോ ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സാക്ഷാല്‍ സോണിയ പോലും അമ്പരന്നിരിക്കുന്നത്.
ദേശീയതലത്തില്‍ പ്രതിപക്ഷ ഏകീകരണത്തിന് പെടാപ്പാട് പെടുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ആശ്രയിക്കാവുന്ന ഏകരാഷ്ട്രീയ പ്രസ്ഥാനം സി.പി.എം തന്നെയാണ്. മോഡിയെ പ്രതിരോധത്തിലാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ഉയര്‍ത്തികൊണ്ടുവന്നത് സി.പി.എം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയാണ്. ജെ.എന്‍.യു സര്‍വകലാശാലയിലും ജാമിയ മിലിയയിലുമൊക്കെ പ്രക്ഷോഭം നയിച്ച് രാജ്യത്തിന്റെ കാമ്പസുകള്‍ പ്രക്ഷുബ്ധമാക്കിയത് എസ്.എഫ്.ഐ എന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യുവിന് കാഴ്ചക്കാരുടെ റോളുമാത്രമായിരുന്നു ഇവിടങ്ങളില്‍ ഉണ്ടായിരുന്നത്. എസ്.എഫ്.ഐയിലൂടെ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് രാജ്യമാകെ അലയടിച്ചത്. ഇത് പിന്നീട് ഡിവൈഎഫ്‌ഐയും സിപിഎമ്മും ഏറ്റെടുക്കുകയുണ്ടായി. ഇനി ഈ പ്രക്ഷോഭത്തിന്റെ ഗുണഫലം കോണ്‍ഗ്രസിന് കൂടി ലഭിക്കണമെങ്കില്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സഹകരണവും പിന്തുണയും അനിവാര്യമാണ്.
വയനാട്ടില്‍ മത്സരിച്ച് എം.പിയായ രാഹുല്‍ഗാന്ധി സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിലപാടെടുക്കാത്തതും ഈ തിരിച്ചറിവുകാരണമാണ്. കോണ്‍ഗ്രസിലെ നേതാക്കളേക്കാള്‍ സോണിയയും രാഹുലും വിശ്വസിക്കുന്നത് സി.പി.എം നേതൃത്വത്തെ തന്നെയാണ്. മോഡി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മതേതര മനസുകള്‍ പ്രതീക്ഷാപൂര്‍വ്വം ഉറ്റു നോക്കുന്നതും ഇടതുപക്ഷ-മതേതര പാര്‍ട്ടികളുടെ ഐക്യത്തെയാണ്.അത് സാധ്യമാക്കാന്‍ സിപിഎം തന്നെ മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
Political Reporter