പാര്‍ട്ടി പരിപാടി ഉപേക്ഷിച്ച് ശശിയുടെ മകന്റെ വിവാഹത്തിന് പോയി; ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനം

മലപ്പുറം: പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പി.കെ. ശശി എം.എല്‍.എയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ അണികള്‍ക്കിടയില്‍ വിമര്‍ശനം.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ട്രസ്റ്റ് സംഘടിപ്പിച്ച കവിതപ്രകാശനവും അവാര്‍ഡ് ദാനവും രാവിലെ 10.30ന് മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ‘ജ്വാല’ മലയാള കവിതയുടെ സീഡി പ്രകാശനവും മലപ്പുറം പാര്‍ലമന്റെ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളിക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങുമുണ്ടായിരുന്നു.പ്രതിപക്ഷ നേതാവ് എത്താത്തതിനെ തുടര്‍ന്ന് കവിത പ്രകാശനം ആലങ്കോട് ലീലാ കൃഷ്ണനും അവാര്‍ഡ് ദാനം ആര്യാടന്‍ മുഹമ്മദുമാണ് നിര്‍വഹിച്ചത്.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെ അഖിലേന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്നതും പ്രതിപക്ഷ നേതാവിനെയായിരുന്നു. രാവിലെ 11ന് കളക്ടേറ്റിന് മുന്നിലായിരുന്നു ധര്‍ണ. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രാവിലെ 10.30ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ വിമാനം വൈകി 12.30നാണ് എത്തിയത്.
പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് വൈകി തുടങ്ങിയ ഇരു പരിപാടികളും ഈസമയം നടക്കുന്നുണ്ടായിരുന്നു.

എന്നാല്‍, രണ്ട് പരിപാടികളിലും പങ്കെടുക്കാതെ ചെന്നിത്തല തിരൂരങ്ങാടിയിലേക്ക് പോയി. വൈകീട്ട് മൂന്നോടെ മലപ്പുറത്ത് വാര്‍ത്തസമ്മേളനം നടത്തി. ചെര്‍ന്നൂരിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അല്‍അമീന്‍ ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വൈകീട്ട് അഞ്ചുമണിക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചെന്നിത്തലയുടെ ഈ തീരുമാനം അണികള്‍ക്കിടയില്‍ വലിയ തോതിലുള്ള എതിര്‍പ്പുകള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടി കാര്യം ഉപേക്ഷിച്ച് എതിര്‍ പാര്‍ട്ടിയിലെ നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നിത്തല പോയത് ശരിയായില്ല എന്നാണ് അണികളുടെ പക്ഷം.

Top