നീലഗിരി കൊലപാതകം ഒന്നാംപ്രതി വാഹനാപകടത്തില്‍ മരിച്ചു രണ്ടാംപ്രതിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

നീലഗിരി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി അപകടത്തില്‍പ്പെട്ടു.

എസ്റ്റേറ്റിലെ കാവല്‍ക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കനകരാജ് പുലര്‍ച്ചെ സേലത്തുണ്ടായ അപകടത്തില്‍ മരിക്കുകയും രണ്ടാം പ്രതി കെ വി സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാത കണ്ണാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് അപകടമുണ്ടാകുകയും ചെയ്തു.

സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സയന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ മോഷണശ്രമത്തിനിടെ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കനകരാജിനും സയനും കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇവര്‍ക്കായി തമിഴ്‌നാട്ടിലും കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരേ ദിവസം രണ്ടിടത്ത് പ്രതികളുടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്.

അപകടത്തില്‍ ദുരൂഹത തോന്നി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തമിഴ്‌നാട് പൊലീസ് തിരയുന്ന സയനാണ് അപകടത്തില്‍പെട്ടതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സയന്റെ വാഹനം അപകടത്തില്‍പെട്ട വിവരം കേരള പൊലീസ് തമിഴ്‌നാട് പൊലീസിനെ അറിയിച്ചു.

Top