road accident list ; 5th kerala

കൊച്ചി: രാജ്യത്തെ റോഡ് അപകടങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമത്. കഴിഞ്ഞ വര്‍ഷം 4196 പേരാണ് അപകടങ്ങളില്‍ മരിച്ചത്. 43,735 പേര്‍ക്ക് പരുക്കേറ്റു.

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഡല്‍ഹിയില്‍ അറിയിച്ചു.

കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ റോഡപകടങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍. 39,014 വാഹനാപകടങ്ങളിലായി 4196 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 43,735 പേര്‍ക്ക് പരുക്കേറ്റു.

അപകട മരണത്തിന്റെ എണ്ണത്തില്‍ നാലുശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത്. ഒരു ലക്ഷത്തിനാല്‍പ്പത്തി നാലായിരത്തി ഒരുനൂറ്റിമുപ്പത്തിമൂന്ന് പേരാണ് കഴിഞ്ഞ വര്‍ഷം ആകെ കൊല്ലപ്പെട്ടത്. ഓരോ മണിക്കൂറിലും 57 വാഹനാപകടങ്ങളിലായി 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ അപകടങ്ങളുടെ എണ്ണത്തില്‍ തമിഴ്‌നാടും മരണസംഖ്യയില്‍ ഉത്തര്‍പ്രദേശുമാണ് ഒന്നാമത്. കേരളത്തില്‍ മലപ്പുറം , കൊല്ലം എറണാകുളം ജില്ലകളിലാണ്അപകടമരണങ്ങള്‍ ഏറ്റവും കൂടുതല്‍.

റോഡ് സുരക്ഷയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹനനിയമം ഉടന്‍ ഭേദഗതി ചെയ്യുമെന്നും കേന്ദ്രഗതാഗതമന്ത്രി അറിയിച്ചു.

നിയമം തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇരട്ടിയാക്കുക , ദേശീയ റോഡ് സുരക്ഷ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാവും വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Top