കൊച്ചി: വൈറ്റിലയില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയതോടെ യുവാവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹം പാലച്ചുവട് ഭാഗത്ത് റോഡരുകില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജിബിന്റെ സ്‌കൂട്ടറും കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ വാഹന അപകടത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളൊന്നും ജിബിന്റെ ദേഹത്ത് കണ്ടെത്തിയിരുന്നില്ല.
ഇന്‍ക്വസ്റ്റിലാണ് ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് ജിബിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ മര്‍ദ്ദനത്തിലുണ്ടായ പരുക്കിനെ തുടര്‍ന്നാകാം ജിബിന്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു ശേഷം പാലച്ചുവട്ടില്‍ കൊണ്ടു വന്നിട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. പത്തു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാലു പേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. രണ്ടു ദിവസത്തിനകം സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു.