റോഡുകളുടെ അറ്റകുറ്റപ്പണി; ഒരാഴ്ചയ്ക്കകം തീര്‍ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി ഇടപെടുന്നു. സംസ്ഥാനത്തെ റോഡുകള്‍ ഈ സ്ഥിതിയില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. കഴിഞ്ഞയാഴ്ച ഒരാളുടെ മരണത്തിന് ഇടയാക്കിയ കൊച്ചി കാക്കനാട് റോഡിന്റെ വിഷയത്തില്‍ കേസെടുത്തുകൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസായ ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ പ്രാഥമിക വാദം കേട്ടു. 2019ല്‍ കൊച്ചി മെട്രോ ഏറ്റെടുക്കാനുള്ളതാണ് ഈ റോഡ്. അതുകൊണ്ടാണ് വലിയ തുക ചെലവഴിക്കാത്തത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അതുവരെ ജനങ്ങള്‍ ഈ ദുരിതം അനുഭവിക്കണോ എന്ന് ഹൈക്കോടതി തിരിച്ച് ചോദിച്ചു. ഒരാഴ്ചക്കകം റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമെന്ന സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ തല്‍ക്കാലത്തേക്ക് കേസില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു.

Top