ഇരവിപുരം കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ മോഷണം; അന്വേഷണം ആരംഭിച്ചു

robbery

കൊല്ലം: ഇരവിപുരം കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ മോഷണം. പ്രതിഷ്ഠയില്‍ ഉണ്ടായിരുന്ന സ്വര്‍ണ താലികളും പൊട്ടുകളും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം നടന്നത്. രാവിലെ ക്ഷേത്രപരിസരത്തു കൂടി നടന്നുപോയ വഴിയാത്രക്കാരന്‍ ശ്രീകോവില്‍ തുറന്നു കിടക്കുന്നത് കണ്ട് ക്ഷേത്ര പൂജാരിയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ താലികളും പൊട്ടുകളും നഷ്ടപ്പെട്ടതായി അറിയുന്നത്. ശ്രീകോവിലിന്റെ വാതിലുകള്‍ ഇരുമ്പു കമ്പി ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് ശ്രീകോവിലിനുളളില്‍ കടന്നത്. വാതിലുകള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പി ശ്രീകോവിലിന് സമീപത്ത് ഉപേക്ഷിച്ചിട്ടുണ്ട്.

കൂടാതെ ക്ഷേത്രപരിസരത്തെ ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കുവാനും ശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ ഇരവിപുരം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

ഭരണസമിതി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇരവിപുരം ചെട്ടിനട ദേവിക്ഷേത്രത്തിലെയും കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ചിരുന്നു.

 

Top