കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം നടത്തിയ ആളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ഉത്തര മേഖല ഡിഐജിയോട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സെന്‍ട്രല്‍ ജയിലിന്റെ പ്രധാന കവാടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുറത്തിറങ്ങിയ അന്തേവാസികളിലേക്ക് നീങ്ങിയത്. ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്ത് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് പ്രധാനമായും സംശയിക്കുന്നത്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ ഇവര്‍ നേരത്തെ ജയിലിലായതും മോഷണ കേസുകളിലാണ്. ഫുഡ് കൗണ്ടറുകളില്‍ നിന്നുള്ള പണം എവിടെ സൂക്ഷിക്കുന്നുവെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. മോഷണം നടന്ന ഓഫീസ് മുറിയില്‍ നിന്ന് കിട്ടിയ വിരലടയാളവും പുറത്തിറങ്ങിയ പ്രതികളുടെ വിരലടയാളങ്ങളും പൊലീസ് ഒത്തുനോക്കുകയാണ്.
സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടാണ് പണം സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് തകര്‍ത്തത്. പുറത്തിറങ്ങിയ ജയില്‍ അന്തേവാസികളില്‍ ഒരാളുടെ മോഷണ രീതിയും സമാനമാണ്. ജയില്‍ പരിസരവുമായി വളരെ അടുത്ത ബന്ധമുള്ള ആളായത് കൊണ്ടാണ് ഓഫീസിനു മുന്നിലെ നായ്ക്കള്‍ കുരയ്ക്കാത്തതെന്ന് ജീവനക്കാരും പറയുന്നു.
പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് വ്യക്തമാക്കി. അതീവ സുരക്ഷ വേണ്ട സ്ഥലത്ത് മോഷണം നടന്നത് ജയില്‍ വകുപ്പിന് വലിയ നാണക്കേടായിരിക്കുകയാണ്. സുരക്ഷ വീഴ്ചയുണ്ടായോന്ന് പരിശോധിക്കാന്‍ ജയില്‍ ഡിജിപി ഉത്തരമേഖല ഡിഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.