തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ ഗോവയില്‍ പിടികൂടി. മറ്റൊരു കേസില്‍ പ്രതിയെ ഗോവ പൊലീസ് പിടികൂടിയതായാണ് കേരള പൊലീസിന് വിവരം കിട്ടിയത്.
ഗോവയില്‍ ഒരു കോടി രൂപയുടെ കവര്‍ച്ച കേസിലാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്. ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ഏപ്രില്‍ 14നാണ് മോഷണം നടന്നത്.
രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്.
പുലര്‍ച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.
വീടിന് പുറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാവിന്റെ ചിത്രങ്ങള്‍ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു.