കള്ളന്മാര്‍ പാലം കട്ടുകൊണ്ടുപോയി; അമ്പരന്ന് പ്രദേശവാസികള്‍

സെന്റ്പീറ്റേഴ്‌സ് ബെര്‍ഗ്: മോഷണം പതിവാണ് എന്നാൽ മോഷണ മുതൽ പലമാണെങ്കിലോ? റഷ്യയിൽ കള്ളന്മാർ പാലം കട്ടുകൊണ്ടു പോയ വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഏതായാലും പാലം കാണാതായതില്‍ അസ്വഭാവികതയുണ്ടെന്നാണ് അധികൃതരും പറയുന്നത്.റഷ്യയിലെ ആര്‍ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്‌ക് റീജിയണിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായത്. പാലം ഉപയോഗശൂന്യമായിരുന്നു. ഇതിന് സമീപത്തായി മറ്റൊരു പാലം പണികഴിപ്പിച്ചിട്ടുണ്ട്. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളമുള്ള മധ്യഭാഗമാണ് കാണാതായത്.

മെയ് 16 ന് റഷ്യയിലെ സമൂഹമാധ്യമമായ വി.കെയിലാണ് ആദ്യം തകര്‍ന്ന പാലത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ നദിയില്‍ പാലത്തിന്റെ ഒരു ഭാഗം മുങ്ങിക്കിടക്കുന്നത് കാണാം. 10 ദിവസത്തിന് ശേഷം ഇതേ സ്ഥലത്തെ ചിത്രങ്ങള്‍ വി.കെയില്‍ വന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ നദിയില്‍ കിടക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ കാണാനില്ല എന്ന് വന്നതോടെയാണ് സംഗതി പുറംലോകമറിയുന്നത്. മാത്രമല്ല പാലത്തിന്റെതായി യാതാരു അവശിഷ്ടങ്ങളും പരിസരത്ത് കാണാനുണ്ടായിരുന്നില്ല.

Top