കണ്ണൂരില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച; അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ചേലേരിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തി. ക്ഷേത്രത്തിന്റെ പുറത്തുള്ള ഭണ്ഡാരവും നാലമ്പലത്തിനുള്ളിലുള്ള രണ്ട് ഭണ്ഡാരവുമാണ് കവര്‍ന്നത്.

ക്ഷേത്രത്തിലെ ഓഫീസ് റിക്കാര്‍ഡുകളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ ഭണ്ഡാരത്തില്‍ നിന്നും ഓഫീസില്‍ നിന്നും എത്ര പണം നഷ്ടമായെന്ന് വ്യക്തമല്ല. എത്ര പണം നഷ്ടമായെന്ന് അധികൃതര്‍ തിട്ടപ്പെടുത്തി വരികയാണ്. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്ന കാര്യം മനസിലാക്കിയത്. മോഷ്ടാക്കള്‍ ശ്രീകോവിലില്‍ കയറിയിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

വിവരമറിഞ്ഞ് മയ്യില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Top