തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ദമ്പതികളെ ആക്രമിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ഇവര്‍ പിടിയിലായത്.
തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ നാലംഗസംഘം മോഷണം നടത്തിയത്. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച് ഉണര്‍ത്തിയ ശേഷം ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷം രൂപയും സ്വര്‍ണവുമാണ് നഷ്ടമായത്. തമിഴും ഹിന്ദിയും സംസാരിക്കുന്നവരാണ് മോഷ്ടാക്കളെന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയിരുന്നു.
നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ആലുവയില്‍നിന്ന് ട്രെയിന്‍ കയറിയെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ പിന്തുടര്‍ന്നെത്തിയ പോലീസ് ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികളെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.