യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയര്‍

വാഷിങ്ടന്‍: അടുത്ത വര്‍ഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയര്‍ പ്രഖ്യാപിച്ചു. യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ സഹോദരനും മുന്‍ സെനറ്ററുമായ റോബര്‍ട്ട് എഫ്.കെന്നഡിയുടെ പുത്രനാണു പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയര്‍.

ഡെമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് അദ്ദേഹം ഫിലാഡല്‍ഫിയയില്‍ അറിയിച്ചു. യുഎസിലെ വിഭാഗീയ രാഷ്ട്രീയത്തില്‍ മനംമടുത്തവര്‍ക്കുള്ള അവസരമാണു തന്റെ സ്ഥാനാര്‍ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സര്‍വേകളില്‍ യുഎസിലെ ഏഴില്‍ ഒരാളുടെ വോട്ട് ലഭിക്കാന്‍ സാധ്യതയുള്ള കെന്നഡിയുടെ സ്ഥാനാര്‍ഥിത്വം ഇപ്പോഴത്തെ പ്രസിഡന്റ് ഡെമോക്രാറ്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ ഡോണള്‍ഡ് ട്രംപും പ്രധാന സ്ഥാനാര്‍ഥികളാകുമെന്നു കരുതുന്ന തിരഞ്ഞെടുപ്പുരംഗം സങ്കീര്‍ണമാക്കും.

Top