റോബർട്ട് വധേര ബി.ജെ.പിക്ക് ആയുധം, രാഹുലിന്റെ സ്വപ്നങ്ങൾ ത്രിശങ്കുവിൽ

കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയപരമായ അനിവാര്യതയാണെങ്കില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അതല്ല കാര്യം. ഗാന്ധി കുടുംബത്തെ സംബന്ധിച്ച് രാഷ്ട്രീയപരമായി മാത്രമല്ല, അവരുടെ വ്യക്തിപരമായ നിലനില്‍പ്പിനു തന്നെ ബി.ജെ.പി ഭരണം വലിയ ഭീഷണിയാണ്.

മരുമകന്‍ റോബര്‍ട്ട് വധേരയാണ് ഗാന്ധി കുടുംബത്തിന് വില്ലനായി മാറുന്നത്. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ്സ് പ്രചരണത്തിന് ഇറക്കിയാലും ഇല്ലെങ്കിലും കടന്നാക്രമിക്കാന്‍ ബി.ജെ.പി അണിയറയില്‍ ആയുധം തേച്ച് മിനുക്കി വച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. റോബര്‍ട്ട് വധേരക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളേക്കാള്‍ വലുത് ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി പുറത്തുവിടുമെന്നാണ് സൂചന.

നിലവില്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗാന്ധി കുടുംബം സംശയത്തിന്റെ നിഴലിലാണ്. ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയില്‍ എത്തിച്ച് ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇത് ഒരു തിരഞ്ഞെടുപ്പ് ബോംബായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.

മിഷേലിന്റെ ഡയറിക്കുറിപ്പാണ് കേസില്‍ പ്രധാനം. സ്വന്തം കൈയ്യക്ഷരത്തില്‍ പണം കൊടുത്തവരുടെ പേരുകള്‍ ഇയാള്‍ ചുരുക്കി എഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആര്‍, പിഒഎല്‍ എന്നിങ്ങനെയാണ് ഡയറിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ ഫാമിലി എന്നത് ഗാന്ധി കുടുംബമാണെന്നും എപി എന്നത് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ ആണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.

റോബര്‍ട്ട് വധേരയ്‌ക്കെതിരെ വലിയ സാമ്പത്തിക ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളായിരുന്നു. വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായുള്ള കൂട്ടുകെട്ടില്‍ വധേര കോടികള്‍ സമ്പാദിച്ചെന്നായിരുന്നു കേജ്രിവാള്‍ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം.

പണം നല്‍കിയും കുറഞ്ഞ നിരക്കില്‍ ഭൂമി നല്‍കിയുമാണ് ഡിഎല്‍എഫ് വധേരയെ സഹായിക്കുന്നത്. 65 കോടി രൂപ പലിശരഹിത വായ്പയായി ഡിഎല്‍എഫ് വധേരക്ക് നല്‍കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലും പുറത്തുമായി കോടിക്കണക്കിന് രൂപ വില വരുന്ന 31 വസ്തുവഹകളാണ് റോബര്‍ട്ട് വധേര സ്വന്തമാക്കിയതെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും നേരത്തെ ആരോപിച്ചിരുന്നു.

2007 നും 2010 നുമിടയില്‍ വധേരയുടെ ആസ്തി 50 കോടിയില്‍ നിന്ന് 300 കോടി രൂപയായി വളര്‍ന്നു. വധേരയും അമ്മയും ചേര്‍ന്ന് തുടങ്ങിയ അഞ്ച് കമ്പനികളുടെ ആസ്തി 50 കോടി രൂപ മാത്രമായിരുന്നു. വധേരയുടെ ഇടപാടുകള്‍ നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നതും വ്യക്തമാണ്. വധേരയെ അനധികൃതമായി സഹായിക്കുന്ന ഡിഎല്‍എഫിന് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അക്കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു.

ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുകാര്യങ്ങള്‍ക്കായി ഏറ്റെടുത്ത 350 ഏക്കര്‍ ഭൂമി ഡിഎല്‍എഫിന് അപ്പാര്‍ട്ടമെന്റ് നിര്‍മ്മിക്കാന്‍ നല്‍കിയ സംഭവവും വിവാദമായിരുന്നു. ഇതിന് പുറമെ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും റോബര്‍ട്ട് വധേര നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ റോബര്‍ട്ട് വധേരയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. റോബര്‍ട്ട് വധേരയുടെ സകല ഇടപാടുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതടക്കം വീണ്ടും കുത്തിപ്പൊക്കുന്ന അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ബി.ജെ.പി ദേശീയ നേതൃത്വത്തെ സംബന്ധിച്ചും കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തേണ്ടത് അനിവാര്യമായ ഘടകമാണ്.

രാജസ്ഥാനിലും മധ്യപ്രദേശിലും ചതിച്ചത് കര്‍ഷക സമരങ്ങളാണെന്നും കോണ്‍ഗ്രസ്സിന്റെ നേട്ടമല്ലെന്നുമാണ് ബി.ജെ.പി വിലയിരുത്തുന്നത്. സീറ്റുകളുടെ എണ്ണത്തിലും വോട്ടിങ് ശതമാനത്തിലും വലിയ നഷ്ടം ഉണ്ടായിട്ടില്ലന്നാണ് നേതാക്കളുടെ അവകാശവാദം. ഏത് വിധേയനയും ഭരണ തുടര്‍ച്ച സാധ്യമാക്കാന്‍ ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം.

അതേ സമയം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടതില്ലന്ന നിലപാടിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്സ് ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഇതേ നിലപാടിലാണ്. ഗാന്ധി കുടുംബത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നാല്‍ അത് രാഹുല്‍ ഗാന്ധിയുടെ മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തന്നെ സാധ്യതയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

Top