ലോകസഭ തിരഞ്ഞെടുപ്പില്‍ ജൂനിയര്‍ ഇന്ദിരാഗാന്ധി പ്രിയങ്കാ ഗാന്ധി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ശക്തമായ കടന്നാക്രമണം നടത്താന്‍ ബി.ജെ.പി രംഗത്ത്.
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് എതിരെയുള്ള അഴിമതി കേസുകളും ഗാന്ധി കുടുംബവാഴ്ചയും ഉന്നയിച്ച് ശക്തമായ പ്രചാരണം അഴിച്ചുവിടാനാണ് തീരുമാനം. പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച തീരുമാനം വന്ന ഉടന്‍ കുടുംബവാഴ്ചയെ വിമര്‍ശിച്ച് പ്രധാനമന്തി നരേന്ദ്ര മോദി തന്നെ രംഗത്തു വന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. റോബര്‍ട്ട് വാദ്രക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ഇനി കൂടുതല്‍ വേഗതയേറുമെന്നാണ് സൂചന.
ഗുരുഗ്രാമിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ റോബര്‍ട്ട് വാദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗിനും എതിരെ 2018 സെപ്തംബറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാദ്രയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വിടാനും നീക്കമുണ്ട്.
ഇന്ത്യയിലെ അഴിമതിയുടെ മൂലകാരണം റോബര്‍ട്ട് വാദ്രയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. അഴിമതി നടത്താന്‍ ഗാന്ധി കുടുംബത്തിന് ഭരണഘടനാപരമായി അവകാശമുള്ളത് പോലെയാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടെന്നും ബി.ജെ.പി തുറന്നടിക്കുന്നു.
കഴിഞ്ഞ രണ്ട് യു.പി.എ ഭരണകാലത്തും സോണിയാ ഗാന്ധിയുടെ മരുമകന്‍ നടത്തിയ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി പ്രിയങ്കയെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. പ്രിയങ്കയിലൂടെ രാജ്യം ഭരിക്കാനുള്ള റോബര്‍ട്ട് വാദ്രയുടെ നീക്കം എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.
ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയെ എതിര്‍ക്കുന്നത് കുറ്റകരമാണെന്നും തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം തന്നെ ഗാന്ധി കുടുംബത്തിന് എതിരെയുള്ള ആക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത്.
‘കുടുംബവാഴ്ചക്കെതിരെ ജനകീയ പ്രതിരോധം’ എന്ന രീതിയില്‍ രാജ്യവ്യാപകമായി പ്രചരണം നടത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.
പ്രിയങ്കയുടെ വരവ് തങ്ങള്‍ക്ക് ഗുണമേ ചെയ്യൂ എന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 80 ലോകസഭ സീറ്റുകള്‍ ഉള്ള യു.പിയില്‍ പ്രിയങ്ക കൂടി രംഗത്ത് ഇറങ്ങുന്നതോടെ പ്രതിപക്ഷ വോട്ടുകള്‍ ചിന്നഭിന്നമാകുമെന്നും അത് ബി.ജെ.പിക്ക് നേട്ടമാകുമെന്നാണ് കാവി പടയുടെ പ്രതീക്ഷ.
കുടുംബവാഴ്ച പ്രചാരണം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെ വലിയ രൂപത്തില്‍ പ്രതിരോധത്തില്‍ ആക്കുമെന്നും പുതിയ തലമുറ വോട്ടര്‍മാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന് എതിരെ തിരിയുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
യു.പി പിടിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന ചരിത്രം ആവര്‍ത്തിക്കാന്‍ പ്രതിപക്ഷം ആവനാഴിയിലെ സകല അടവുകളും പുറത്തെടുക്കുമ്പോള്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഇവിടെ ബി.ജെ.പി പയറ്റുന്നത്.
കഴിഞ്ഞ തവണ യു.പിയിലെ 80 സീറ്റില്‍ 73 സീറ്റും നേടിയ ബി.ജെ.പി- അപ് നാദള്‍ സഖ്യത്തെ സംബന്ധിച്ച് ഇത്തവണ ചുരുങ്ങിയത് 50 സീറ്റെങ്കിലും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.ശക്തമായ ചതുഷ് കോണ മത്സരം അവരെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്.
എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ കൂടെ കോണ്‍ഗ്രസ്സ് കൂടി ചേര്‍ന്നാല്‍ ബി.ജെ.പി 5 സീറ്റുകളില്‍ ഒതുങ്ങുമായിരുന്നു എന്നാണ് ഇന്ത്യാ ടുഡേ – കാര്‍വി സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രിയങ്കയുടെ പുതിയ നിയോഗം പുറത്ത് വരുന്നതിനു തൊട്ടു മുന്‍പ് വന്ന ഫലമാണിത്.
നിലവില്‍ എസ്.പി – ബി.എസ്.പി – ആര്‍.എല്‍.ഡി സഖ്യത്തിന് 58 സീറ്റുകളാണ് ഇന്ത്യാടുഡേ – കാര്‍വി സര്‍വേ പ്രവചിക്കുന്നത്. 38 സീറ്റുകളില്‍ വീതം എസ്.പിയും ബി.എസ്.പിയും മത്സരിക്കാനും അവശേഷിക്കുന്നവയില്‍ 2 സീറ്റ് അജിത് സിങിന്റെ പാര്‍ട്ടിക്ക് നല്‍കാനുമായിരുന്നു ധാരണ. സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്നും സഖ്യം തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ ഔദാര്യം തള്ളി മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്. പ്രിയങ്കയുടെ വരവോടെ പ്രതിപക്ഷ വോട്ടുകള്‍ ചിന്നി ചിതറിയാല്‍ ബി.ജെ.പി വീണ്ടും യു.പിയില്‍ നേട്ടം കൊയ്യും.
എസ്.പി – ബി.എസ്.പി സഖ്യത്തില്‍ അതൃപ്തരായ ഇരു പാര്‍ട്ടികളിലെയും വിഭാഗങ്ങള്‍ റിബല്‍ സ്ഥാനാര്‍ത്ഥികളുമായി രംഗത്ത് വരുമെന്നതും പ്രതിപക്ഷ സഖ്യത്തെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്.
ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യമുള്ള പ്രിയങ്ക യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കല്ല എസ്.പി – ബി.എസ്.പി സഖ്യത്തിനാണ് ഇവിടെ ഭീഷണി ഉയര്‍ത്തുന്നത്. പ്രതിപക്ഷ വോട്ടുകള്‍ ചിന്നി ചിതറിയാല്‍ ബി.ജെ.പി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
political reporter