ന്യൂഡല്‍ഹി : അനധികൃത വിദേശസ്വത്ത് സമ്പാദ്യക്കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌ര ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി.
ഈ കേസില്‍ ഇതുവരെ വാധ്‌രയെ 3 ദിവസങ്ങളിലായി 23 മണിക്കൂര്‍ ചോദ്യം ചെയ്തു വരികയാണ്. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരായിരുന്നില്ല.
ലണ്ടനില്‍ അനധികൃതമായി ഫ്‌ലാറ്റുകള്‍ അടക്കം വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നാണു ഇഡിയുടെ ആരോപണം.
അതേസമയം റോബര്‍ട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് രണ്ട് വരെ ഡല്‍ഹി പട്യാല ഹൗസ് കോടതി തടഞ്ഞിരുന്നു.
റോബര്‍ട്ട് വദ്ര ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. മൂന്ന് വില്ലകള്‍, ആഡംബര ഫ്‌ളാറ്റുകള്‍, എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് അവകാശപ്പെടുന്നത്.
2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍ നടന്നതെന്നും ഇവര്‍ പറയുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്.
ഈ സ്വത്തുക്കള്‍ വാങ്ങനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഇതാണ് സംശയം വദ്രയിലേക്ക് നീളാന്‍ കാരണമായത്. എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.