ഭർത്താവ് ചെയ്യുന്ന തെറ്റുകൾക്ക് ‘കുട’ പിടിക്കുന്ന പ്രിയങ്കയെ ചുമക്കണോ ഇനി ?

ള്ളപ്പണം വെളുപ്പിക്കല്‍ കേസും ഭൂമി തട്ടിപ്പും ഉള്‍പ്പെടെ നിരവധി കേസുകള്‍ നേരിടുന്ന റോബര്‍ട്ട് വദ്രക്കൊപ്പം പ്രിയങ്ക ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്കുള്ള വഴി അനുഗമിച്ചതിന്റെ ഉദ്ദേശം എന്താണ് ? കോണ്‍ഗ്രസ്സ് നേതൃത്വമാണ് ഇതിനു മറുപടി പറയേണ്ടത്. ഭര്‍ത്താവിന് എവിടെയും കൂട്ട് പോകാന്‍ ഏതൊരു ഭാര്യക്കും അവകാശമുണ്ട്. അക്കാര്യം ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധിയിപ്പോള്‍ റോബര്‍ട്ട് വദ്ര എന്ന ബിസിനസ്സുകാരന്റെ ഭാര്യ മാത്രമല്ല, നാളെ രാജ്യം ഭരിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ മുന്നണി പോരാളിയാണ്, മോദിക്ക് പകരം പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയുടെ സഹോദരിയാണ്. യു.പി.എ അധികാരത്തില്‍ വന്നാല്‍ ഭരണം നിയന്ത്രിക്കുന്ന പ്രധാനിയായി പ്രിയങ്ക മാറുമെന്ന് ഏത് കൊച്ചു കുട്ടിക്കും ഊഹിക്കാവുന്നതേയൊള്ളൂ.

ഡല്‍ഹി പാട്യാല കോടതി താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞെങ്കിലും ഇപ്പോഴും അറസ്റ്റിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഭര്‍ത്താവിനു അകമ്പടി പോയ പ്രിയങ്ക യഥാര്‍ത്ഥത്തില്‍ അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിച്ചത്.


കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ വിവരമറിയുമെന്ന ഒരു താക്കീതുണ്ട് ആ നടപടിയില്‍. തെറ്റ് ചെയ്തത് സ്വന്തം ഭര്‍ത്താവാണെങ്കിലും ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാടായിരുന്നു പ്രിയങ്ക സ്വീകരിക്കേണ്ടിയിരുന്നത്. അത്തരമൊരു നിലപാട് അവര്‍ സ്വീകരിക്കുമെന്ന് കരുതിയവരാണ് അപ്രതീക്ഷിതമായ ഈ നടപടിയില്‍ ഞെട്ടിയത്.

ഇന്ദിര ഗാന്ധിയെയാണ് പ്രിയങ്കയില്‍ കാണുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ്സുകാര്‍ ഇനി മിണ്ടരുത്. അവരെ ഇന്ദിരാഗാന്ധിയോട് ഉപമിച്ച് സ്വയം അപഹാസ്യരാകരുത്.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തന്റെ വസതിയിലെ വാഹനം ഡല്‍ഹിയിലെ നോ പാര്‍ക്കിങ് മേഖലയില്‍ നിന്നും ക്രെയിന്‍ വച്ച് പൊക്കിയ സംഭവത്തെ തുടര്‍ന്ന് ഡി.സി.പി കിരണ്‍ ബേദിയെ വീട്ടില്‍ വിളിച്ച് അഭിനന്ദിച്ച് ഭക്ഷണം നല്‍കിയ വ്യക്തിയാണ് സാക്ഷാല്‍ ഇന്ദിരാഗാന്ധി.

അഭിനവ ‘ഇന്ദിരാഗാന്ധി’ പ്രിയങ്ക ഗാന്ധിയാവട്ടെ കള്ളപ്പണ കേസില്‍ പ്രതിയായ സ്വന്തം ഭര്‍ത്താവിനെ രക്ഷിച്ച് കുടുംബ ജീവിതം ഭദ്രമാക്കാന്‍ ശ്രമിക്കുന്നവരുമാണ് .ഇക്കാര്യം പ്രിയങ്കയെ വാഴ്ത്തുന്ന കോണ്‍ഗ്രസുകാര്‍ തന്നെ വിലയിരുത്തുന്നത് നന്നായിരിക്കും.

വീണ്ടും കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ എന്ത് നീതിയാണ് നടപ്പാകുക ആരുടെ താല്‍പ്പര്യമാണ് നടക്കുക എന്നൊക്കെ പ്രിയങ്കയുടെ നടപടികളില്‍ നിന്നു തന്നെ വ്യക്തമാണ്.

ഗാന്ധി കുടുംബത്തിന് കീഴിലല്ല, സാക്ഷാല്‍ റോബര്‍ട്ട് വദ്ര എന്ന ബിസിനസ്സുകാരന്റെ കൈകളിലേക്കാണ് രാജ്യത്തിന്റെ ഭരണം പോകുക എന്ന യാഥാര്‍ത്ഥ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ ഈ മരുമകന്‍ കാട്ടിക്കൂട്ടിയ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് രാജ്യം കണ്ടതാണ്. അത്തരമൊരു സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ ഒരിക്കലും അവസരം നല്‍കാന്‍ പാടില്ല. ജനങ്ങളാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്.

റോബര്‍ട്ട് വദ്രയെ രണ്ടു ദിവസങ്ങളിലായി വിശദമായാണ് എന്‍ഫോഴ്മെന്റ്് ചോദ്യം ചെയ്തത്. ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയും വദ്രയുടെ അനന്തിരവനും തമ്മിലുള്ള ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം മുഴുവന്‍. ലണ്ടനിലെ ഒമ്പത് സ്ഥലങ്ങളിലായുള്ള ഭൂമി വദ്ര കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബിനാമി വഴി വാങ്ങിയതാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2005-2010 കാലത്താണ് ഇവ വാങ്ങിയതെന്നും ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുടെ പങ്ക് വദ്ര അയച്ച ഇ-മെയില്‍ സന്ദേശങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും എന്‍ഫോഴ്മെന്റ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുതി തയ്യാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിനോട് എന്‍ഫോഴ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ അവസാന നിമിഷം വരെ വധേര കിണിഞ്ഞു ശ്രമിച്ചിരുന്നെങ്കിലും അത് വിലപ്പോയിരുന്നില്ല.

Political reporter

Top