വീണ്ടും ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി ഓടിയ സ്വകാര്യ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ള്‍ ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വീസിനിറങ്ങിയ സ്വകാര്യ ബസ് നിയമനടപടികളെ തുടര്‍ന്ന് ഈ റൂട്ടിലെ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സര്‍വീസിനെത്തിയപ്പോള്‍ പുലര്‍ച്ചെ 5.20-ന് റാന്നിയില്‍ വെച്ച് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസാണ് റോബിന്‍. മൂന്ന് പേരാണ് ഈ ബസില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. പാല, കാഞ്ഞിരപ്പള്ളി മേഖലയിലേക്ക് യാത്ര ചെയ്തിരുന്ന ഇവര്‍ക്ക് വേറെ ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയതിന് ശേഷമാണ് ബസ് പിടിച്ചെടുത്തത്.

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സമാന്തരമായി ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധനകള്‍ക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയില്‍ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റാന്നി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജയ് കുമാറാണ് ഈ വാഹനത്തിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പെര്‍മിറ്റിലെ നിര്‍ദേശം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് പുറത്തുവന്ന ചെല്ലാന്റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നിലപാട്.

മോട്ടോര്‍ വാഹന വകുപ്പില്‍നിന്നുള്ള എതിര്‍പ്പുകളെ മറികടന്ന് സര്‍വീസുമായി മുന്നോട്ടുപോകുമെന്ന് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് മുമ്പ് പറഞ്ഞിരുന്നു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ റോബിന്‍ ബസ് ഓടിക്കാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ കെ.എസ്.ആര്‍.ടി.സി.യും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ ഒന്നിന് റാന്നിയില്‍ വെച്ച് ബസ് തടഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

കേന്ദ്ര നിയമപ്രകാരം നേടിയ പെര്‍മിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതേ പെര്‍മിറ്റ് ആനുകൂല്യത്തിന്റെ ബലത്തില്‍ 200 ബസുകള്‍ കേരളത്തിന്റെ നിരത്തിലിറങ്ങാന്‍ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാന്‍ സാധിക്കും? ബസുകള്‍ക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ വണ്ടിയില്‍ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ബേബി ഗിരീഷ് വാഹനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുമ്പ് അവകാശപ്പെട്ടിരുന്നു.

Top