ചെറുതോണി: നൂറ്റിയിരുപത് അടി മുകളില്‍ നിന്നും കൂറ്റന്‍ പാറ അടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ വീണു. ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിക്കുന്ന കുറവന്‍മലയില്‍ നിന്നാണ് പാറ അടര്‍ന്ന് വീണത്.
അടര്‍ന്ന് വീണ പാറ അണക്കെട്ടിന്റെ ചുമരിലും പാറക്കെട്ടിലും ഇടിച്ചു ചിതറിത്തെറിച്ചു. അണക്കെട്ടില്‍ പരിശോധന നടത്തുന്നതിനായി ഉപയോഗിക്കുന്ന ഗോവണിയുടെ ഒരു ഭാഗവും പാറ വീണ് ഒടിഞ്ഞു.
വലിയ ശബ്ദംകേട്ടു തൊട്ടടുത്ത ഔട്‌പോസ്റ്റില്‍ നിന്ന് ഓടിയെത്തിയ പൊലീസുകാരാണു വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചത്. കെഎസ്ഇബി ഡാം സുരക്ഷാവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കനത്ത മഴയില്‍ പാറയുടെ അടരുകളിലൂടെ മഴവെള്ളം ഇറങ്ങിയതാണു കാരണമെന്നും അണക്കെട്ടിന്റെ സുരക്ഷയ്ക്കു കുഴപ്പമൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.