ഇറാക്കില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാക്കില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിന് നേരെയാണ് ചൊവ്വാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു.

യുഎസ് സൈനികരും ഇറാഖി സൈനികരുമാണ് സംഭവസമയം താജി വ്യോമത്താവളത്തിലുണ്ടായിരുന്നത്. ഒരു കത്യൂഷ റോക്കറ്റ് മാത്രമാണ് പതിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യുടെ റിപ്പോര്‍ട്ട്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.സംഭവത്തോട് പ്രതികരിക്കാന്‍ ഇറാനും ഇതുവരെ തയാറായിട്ടില്ല. വൈറ്റ് ഹൗസോ പെന്റഗണോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ പ്രതികാരമായി ഞായറാഴ്ച ബലാദിലെ വ്യോമത്താവളത്തിന് നേരേയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Top