ന്യൂയോര്‍ക്ക്: ഫോക്‌സ് ന്യൂസ് ചെയര്‍മാനും സിഇഒയുമായ റോജര്‍ എയില്‍സ് രാജിവച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്നാണ് 76 വയസുകാരനായ എയില്‍സ് ഫോക്‌സ് ന്യൂസില്‍ നിന്നും പടിയിറങ്ങുന്നത്.
എയില്‍സിന്റെ രാജി മാധ്യമ കമ്പനിയായ 21 സെഞ്ചുറി ഫോക്‌സ് സ്ഥിരീകരിച്ചു. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്നാണോ രാജിയെന്ന കാര്യത്തില്‍ കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചില്ല. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ പ്രമുഖനായിരുന്നു എയില്‍സ്.
എയില്‍സിനെതിരേ ലൈംഗിക അതിക്രമത്തിന് ഫോക്‌സ് ന്യൂസ് അവതാരക ഗ്രേചന്‍ കാള്‍സന്‍ രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിരുന്നു. എയില്‍സിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തന്നെ ഒതുക്കുകയും ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതായി ന്യൂജേഴ്‌സി സ്റ്റേറ്റ് കോടതിയിലാണ് അവര്‍ പരാതി നല്‍കിയിരുന്നത്.
ഇത് ആദ്യമായല്ല എയില്‍സിനെതിരേ ലൈംഗിക ആരോപണം ഉണ്ടാകുന്നത്. ബന്ധത്തിലേര്‍പ്പെടാന്‍ തയാറെങ്കില്‍ ശമ്പളത്തോടൊപ്പം ആഴ്ചയില്‍ 100 ഡോളര്‍ അധികം നല്‍കാമെന്ന് വനിതാ ജീവനക്കാരിയോട് പറഞ്ഞത് നേരത്തേ വിവാദമായിരുന്നു.
2014 പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് മാഗസിന്‍ എഡിറ്റര്‍ ഗബ്രിയേല്‍ ഷെര്‍മാന്റെ ദ ലൌഡെസ്‌റ് വോയിസ് ഇന്‍ ദ റൂം എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ ഉണ്ടായത്.