‘ആ ടെന്നീസ് വസന്തം പെയ്തിറങ്ങുന്നു’- വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

സൂറിച്ച്: ടെന്നീസ് ചരിത്രത്തിലെ ഏക്കാലത്തേയും ഇതിഹാസ താരമായി പരിഗണിക്കപ്പെടുന്ന സ്വിസ് അതികായൻ റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. 41കാരനായ താരം സാമൂഹിക മാധ്യമത്തിൽ പങ്കിട്ട ദീർഘമായ കുറിപ്പിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച നടക്കുന്ന ലാവർ കപ്പായിരിക്കും സ്വിസ് ഇതിഹാസത്തിന്റെ അവസാന പോരാട്ട വേദി.

20 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ പകിട്ടുമായി നിൽക്കുന്ന താരമാണ് ഫെഡറർ. സ്വിസ് ഇതിഹാസം കളം വിടുന്നതോടെ അസാമന്യമായ ഒരു കാലത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.

ടെന്നീസിലെ സൗന്ദര്യ ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ഫെഡറർ. നൈസർഗികമായ കളിയും കൈ വഴക്കങ്ങളും തന്ത്രങ്ങളും തുടങ്ങി ടെന്നീസിനെ മറ്റൊരു തലത്തിലേക്ക് നയിച്ച താരമാണ് കളമൊഴിയുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരിക്കു മൂലം ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഫെഡറർ. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 24 വർഷത്തെ അനുപമമായ കരിയറിനാണ് ഫെഡറർ വിരാമമിടുന്നത്. കരിയറിൽ 103 കിരീടങ്ങൾ ഇക്കാലയളവിൽ അദ്ദേഹം സ്വന്തമാക്കി.

Top