Roger Federer,former world number one withdraws from French Open

പാരീസ്: പരിക്കിനെ തുടര്‍ന്ന് മുന്‍ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്‍മാറി. കഴിഞ്ഞ കുറച്ച് നാളുകളായി അലട്ടുന്ന പുറംവേദനയില്‍ നിന്നും പൂര്‍ണമായും മോചിതനാകാത്തതിനാലാണ് സ്വിസ് ഇതിഹാസം കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറുന്ന കാര്യം വിഷമത്തോടെ അറിയിക്കുകയാണെന്ന് ഫെഡറര്‍ പറഞ്ഞു. 2009 ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ഫെഡറര്‍. 1999 ലെ യുഎസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ക്ക് ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റ് നഷ്ടമാകുന്നത്.

ശാരീരിക ക്ഷമത വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ കളിക്കളത്തില്‍ ഇറങ്ങാന്‍ പാകത്തില്‍ നൂറ് ശതമാനം ക്ഷമത കൈവരിച്ചിട്ടില്ലെന്നും ഫെഡറര്‍ പറഞ്ഞു. പൂര്‍ണമായും ആരോഗ്യവാനാകാതെ കളിക്കാനിറങ്ങുന്നത് തിരിച്ചടിയാകുമോയെന്ന് ആശങ്കയുണ്ട്. ഇത്തരം തീരുമാനങ്ങള്‍ പെട്ടെന്നെടുക്കുക ദുഷ്‌കരമാണ്.

പക്ഷെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനും കളിക്കളത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പാരീസിലെ എന്റെ ആരാധകരോട് ക്ഷമ ചോദിക്കുന്നു. 2017 ല്‍ ഇവിടെ തിരിച്ചെത്തുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ പറഞ്ഞു. ഈ വര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സും താരം ലക്ഷ്യമിടുന്നുണ്ട്.

തുടര്‍ച്ചയായി 65 ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത താരമെന്ന ചരിത്ര നേട്ടത്തിന് ഉടമയാണ് 34 കാരനായ ഫെഡറര്‍. ആ മാരത്തണ്‍ നേട്ടത്തിന് ഫ്രഞ്ച് ഓപ്പണില്‍ നിന്നുള്ള പിന്‍മാറ്റത്തോടെ അവസാനമാവുകയാണ്. എന്നാല്‍ ടെന്നീസില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് 17 ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ ഉടമയായ സ്വിസ് മാസ്റ്റര്‍ വ്യക്തമാക്കി. 1999 ല്‍ തന്റെ പതിനേഴാം വയസിലാണ് ഫെഡറര്‍ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ അരങ്ങേറിയത്.

റോളാങ് ഗാരോസില്‍ 65 ജയങ്ങളും 16 തോല്‍വികളുമാണ് ഫെഡറര്‍ക്കുള്ളത്. നാല് തവണ ഫൈനലില്‍ എത്തിയിട്ടുള്ള ഫെഡറര്‍ 2009 ല്‍ കരിയറിലെ ഏക ഫ്രഞ്ച് ഓപ്പണ്‍ കിരീടവും കരസ്ഥമാക്കിയിരുന്നു. ഫൈനലില്‍ റോബിന്‍ സോഡര്‍ലിങിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം ഉര്‍ത്തിയത്. മറ്റ് മൂന്ന് ഫൈനലുകളിലും റാഫേല്‍ നദാലിനോട് തോല്‍ക്കുകയായിരുന്നു സ്വിസ് ഇതിഹാസം.

Top