മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ 43–ാം വയസ്സിലാണ് ബൊപ്പണ്ണയുടെ വിജയം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ– 7(7)–6, 7–5.
ആദ്യ സെറ്റിൽ ടൈ ബ്രേക്കറിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ വിജയം. രണ്ടാം സെറ്റിൽ ഇറ്റാലിയൻ സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന്ബൊപ്പണ്ണയും എബ്ദനും വിജയത്തിലെത്തുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത്. ആദ്യ സെർവ് മുതൽ ആക്രമിച്ചു കളിച്ചത് ഇറ്റാലിയൻ സഖ്യമാണ്. തുടക്കത്തിൽ ലീഡെടുത്ത സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെ നേരിട്ട് സാവധാനമാണ് ബൊപ്പണ്ണയും എബ്ദനും കളി പിടിച്ചത്.
ടൈ ബ്രേക്കർ വരെ നീണ്ട ആദ്യ സെറ്റ് കൈവിട്ടതോടെ രണ്ടാം സെറ്റില്‍ തിരിച്ചുവരാനായി ഇറ്റാലിയൻ സഖ്യം പൊരുതി നോക്കി. പക്ഷേ മത്സരം ഒടുവിൽ ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന് അനുകൂലമാകുകയായിരുന്നു. ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ് സ്‍ലാം വിജയിയാണ് രോഹൻ ബൊപ്പണ്ണ. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്.