ന്യൂഡല്‍ഹി: ഫ്രഞ്ച് ഓപ്പണിലും മിക്സഡ് ഡബിള്‍സ് ടെന്നീസ് കിരീടം നേടി കരിയര്‍ സ്ലാം നേടിയ ലിയാന്‍ഡര്‍ പെയ്സിനെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ പുരുഷ ഡബിള്‍സില്‍ പങ്കാളിയായി വേണ്ടെന്ന് രോഹന് ബൊപ്പണ്ണ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന് (എഐടിഎ) കത്തെഴുതി.
പെയ്സിനൊപ്പം കളിക്കാന്‍ താത്പര്യമില്ലെന്നും ഒളിമ്പിക്സില്‍ തന്റെ പങ്കാളിയായി സാകേത് മൈനേയിയെ നല്‍കണമെന്നുമാണ് ബൊപ്പണ്ണ എഐടിഎയ്ക്ക് കത്തെഴുതിയത്.
സെലക്ഷന് കമ്മിറ്റി യോഗം നാളെ നടക്കാനിരിക്കേയാണ് ബൊപ്പണ്ണയുടെ കത്ത് അസോസിയേഷന് ലഭിച്ചിരിക്കുന്നത്. പുരുഷ ഡബിള്‍സ് ലോക റാങ്കില്‍ 10-ാം സ്ഥാനത്താണ് ബൊപ്പണ്ണ. നിലവില്‍ ലോക 46-ാം റാങ്കുകാരനാണ് പെയ്സ്. എന്നാല്‍, സാകേത് റാങ്കിംഗില്‍ 125-ാം സ്ഥാനത്താണ്.
മിക്സഡ് ഡബിള്‍സില്‍ തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്ന് സാനിയ മിര്‍സ അസോസിയേഷനെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സില്‍ പെയ്സിനൊപ്പം ഇറങ്ങിയ സാനിയ ഇത്തവണ ബൊപ്പണ്ണയ്ക്കൊപ്പമാവും ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് സൂചന.