റോഹിങ്ക്യന്‍ പ്രശ്‌നം; നിയമ പോരാട്ടത്തിന് ഡി.വൈ.എഫ്.ഐ കോടതിയിലേക്ക്‌

ന്യൂഡല്‍ഹി : ഇന്ത്യയിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ ജനതയ്ക്കു വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.

ഇന്ത്യയില്‍ കഴിയുന്ന മുപ്പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ 1989 ലെ കണ്‍വെന്‍ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് പ്രകാരം അഭയാര്‍ത്ഥികളായ കുട്ടികളുടെ അരോഗ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

ജീവനു ഭീഷണിയുള്ളപ്പോള്‍ അവരെ തിരിച്ച് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത് എന്നും കണ്‍വെന്‍ഷന്‍ പറയുന്നു.
22236408_2012458152323382_1338569869_n

ഇന്ത്യ ഈ കണ്‍വെന്‍ഷനില്‍ 1992 ല്‍ ഒപ്പു വെച്ചിട്ടുണ്ട്. ഈ വിഷയം ഉയര്‍ത്തി കാണിച്ച്, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട് തിരുത്തിക്കുകയാണ് ഡി.വൈ.എഫ്.ഐ യുടെ നിയമ ഹര്‍ജിയുടെ ലക്ഷ്യം.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റിയുടെ ലീഗല്‍ സബ് കമ്മറ്റി ക്കുവേണ്ടി അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് സുപ്രീം കോടതിയില്‍ ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഡി.വൈ.എഫ്.ഐ യുടെ നിയമ പോരാട്ടത്തിനു എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും, ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും അഭ്യര്‍ത്ഥിച്ചു.

Top