ലോകം അവഗണിക്കുന്ന ഒരു ജനത . . . മരണത്തിനും ജീവിതത്തിനും ഇടയിൽ . . .

പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ഒരു ജനത, കാലുകുത്താന്‍ ഭൂമുഖത്തെവിടെയെങ്കിലും ഒരിടം തേടി നെട്ടോട്ടമോടുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാഴ്ച്ച ഹൃദയഭേദകമാണ്.

രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കാതെ മ്യാന്‍മറിലേക്ക് തിരികെ പോകില്ലെന്നാണ് റോഹിങ്ക്യകള്‍ പറയുന്നത്. മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് റോഹിങ്ക്യകള്‍ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യകളെ തിരികെ നാട്ടിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 2017 ലെ സൈനിക നടപടിയെ തുടര്‍ന്നാണ് മ്യാന്‍മറിലെ രാഖെയിനില്‍ നിന്നും റോഹിങ്ക്യകള്‍ കൂട്ടത്തോടെ പലായനം ചെയ്തിരുന്നത്.

ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ മാത്രം ഏഴ് ലക്ഷത്തിമുപ്പതിനായിരം റോഹിങ്ക്യന്‍ മുസ്ലീംകളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നതിന്റെ ഭാഗമായി മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോക്‌സ് ബസാറില്‍ എത്തിയിട്ടുണ്ട്.

തങ്ങളെ മ്യാന്‍മര്‍ പൗരത്വമുള്ള പ്രത്യേക വിഭാഗമായി അംഗീകരിച്ചാല്‍ മാത്രമേ തിരിച്ച് നാട്ടിലേക്ക് പോകൂവെന്നാണ് റോഹിങ്ക്യകളുടെ നിലപാട്. 2017 ല്‍ മ്യാന്‍മറില്‍ നടന്നത് വംശഹത്യയാണെന്നാണ് ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ആരോപിക്കുന്നത്.എന്നാല്‍ ഇക്കാര്യം പൂര്‍ണമായും നിഷേധിക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടം.

റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിലപാടില്‍ മ്യാന്‍മര്‍ ഇപ്പോഴും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് റോഹിങ്ക്യകള്‍ മുന്നോട്ട് വെക്കുന്നത്. മുസ്ലിം വേട്ട രൂക്ഷമായതിനെ തുടര്‍ന്ന് ആറ് ലക്ഷത്തിലേറെ പേരാണ് മ്യാന്‍മര്‍ വിട്ട് അയല്‍ രാജ്യങ്ങളില്‍ അഭയയം തേടിയിരിക്കുന്നത്.

അതേസമയം, ഇനിയും മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ .കഴിഞ്ഞ 18 മാസത്തിനിടെ 7 ലക്ഷത്തില്‍ അധികം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. പട്ടാള അടിച്ചമര്‍ത്തലിന്റെ ഇരയായ റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് കടന്നിരുന്നത്.

ബംഗ്ലാദേശുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജനുവരിയില്‍ തന്നെ മ്യാന്‍മറില്‍ നിന്നു പലായനം ചെയ്തവരെ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാതെ തിരിച്ചു പോകില്ലെന്ന ഉറച്ച് തീരുമാനത്തിലായിരുന്നു റോഹിങ്കയന്‍ അഭയാര്‍ഥികള്‍.

മ്യാന്‍മറിലെ ഏറ്റവു കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹം തിരിച്ചു പോയാല്‍ വീണ്ടും അടിച്ചമര്‍ത്തല്‍ നേരിടുമെന്ന കടുത്ത ഭീഷണിയിലാണ്. കൊലപാതകം, ബലാത്സംഗം, വീടുകള്‍ കത്തിക്കല്‍ തുടങ്ങിയ അക്രമങ്ങള്‍ക്ക് ഇപ്പോഴും ശമനമില്ലെന്നാണ് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് അവശേഷിക്കുന്ന റോഹിങ്ക്യകളും ഇപ്പോള്‍ നാടുവിടുന്നത്.

ബംഗ്ലാദേശ് സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചാണ് അഭയാര്‍ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത്. സെക്കന്ററി തലം വരെയുള്ളതാണ് ഈ താത്കാലിക സ്ഥാപനങ്ങള്‍. എന്‍.ജി.ഒകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ പോലും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുന്ന 5,000 ത്തിലേറെ വിദ്യാര്‍ഥികളാണ് രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ നിലപാട് മൂലം ഇവരുടെ തുടര്‍ വിദ്യാഭ്യാസം പോലും വഴിമുട്ടിയ അവസ്ഥയാണുള്ളത്.

അഭയാര്‍ഥികളെ സ്വീകരിക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതിനിടയിലാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഈ വിവേചനം.

1970കളുടെ അന്ത്യത്തില്‍ വിയറ്റ്നാം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറല്ലെന്ന് ലോകരാജ്യങ്ങള്‍ അറിയിച്ചപ്പോള്‍ മാനുഷിക പ്രശ്നമായി കണ്ട് ലോകം അത് ചര്‍ച്ച ചെയ്തിരുന്നു. ഒടുവില്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കുകയും 7,55000 പേര്‍ക്ക് വിവിധ രാജ്യങ്ങളില്‍ അഭയം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ അഭയം നല്‍കാന്‍ പോയിട്ട്, അവര്‍ക്ക് നേരെ സഹാനുഭൂതിയോടെ ഒന്ന് നോക്കാന്‍ പോലും ലോക രാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്തിനേറെ, മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുവേണ്ടി ദീര്‍ഘകാലത്തെ തടങ്കല്‍ ഉള്‍പ്പെടെ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച ഓങ് സാന്‍ സൂചി പോലും രോഹിങ്ക്യകള്‍ക്കുവേണ്ടി ഒരിക്കലും ശബ്ദമുയര്‍ത്തിയിട്ടില്ല.

മ്യാന്‍മര്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സൂചി റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പീഢനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത് അന്താരാഷ്ട്ര തലത്തില്‍ വരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. സൂചിക്കു നല്‍കിയ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന് പോലും മുറവിളികളും ശക്തമായിരുന്നു.

കള്ള ബോട്ടുകളില്‍ ജീവന്‍ പണയം വെച്ച് കരക്കടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഓരോ രാജ്യവും ഇപ്പോഴും അവരെ ആട്ടിയോടിക്കുകയാണ്. എന്തിനേറെ ഇന്ത്യയില്‍ പോലും വര്‍ഷങ്ങളായി ജീവിക്കുന്ന 40,000 റോഹിങ്ക്യകളെ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു .

ജന്മനാട്ടില്‍ ജീവഭയം നേരിടുന്ന അഭയാര്‍ഥികളെ തിരിച്ചയക്കുകയോ നാട് കടത്തുകയോ ചെയ്യരുത് എന്ന ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക മുന്നറിയിപ്പ് പോലും അവഗണിച്ച് നടത്തിയ നീക്കത്തിനു പിന്നില്‍ സംഘപരിവാറിന്റെ അജണ്ടയാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.


മുസ്ലീം ന്യൂനപക്ഷരായതിനാണ് ലോകത്തിന്റെ വിവിധ കോണുകളിലും ഇന്നും ഈ ജനത ആട്ടിപ്പായിക്കപ്പെടുന്നത്. എന്നാല്‍ ദുരിതം പേറുന്ന ഈ സമൂഹവും മനുഷ്യരാണ് എന്ന കാര്യം എല്ലാവരും മറക്കുന്നു. തങ്ങള്‍ക്ക് മുന്നിലുള്ള വാതിലുകള്‍ കൊട്ടിയടക്കുപ്പെടുമ്പോഴും എന്നെങ്കിലും പിറന്ന മണ്ണില്‍ സമാധാനത്തോടെ തലച്ചായ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും റോഹിങ്ക്യകള്‍.

Express View

Top