ജനീവ: മ്യാൻമർ ഭരണകുടം റോഹിങ്ക്യൻ ജനതകളോട് കാണിക്കുന്ന ക്രൂരതകൾ പ്രാദേശിക സുരക്ഷയ്ക്ക് അപകടമുണ്ടാക്കാമെന്ന് ഐക്യരാഷ്ട്രസഭ. റോഹിങ്ക്യൻ പ്രശ്നം പ്രാദേശിക സംഘർഷം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ചീഫ് സീദ് റഅഅ്ദുൽ ഹുസൈനാണ് മുന്നറിയിപ്പ് നൽകിയത്.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ആറു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നും സീദ് റഅഅ്ദുൽ ഹുസൈൻ പറഞ്ഞു.
മ്യാൻമർ വളരെ ഗുരുതരമായ ഒരു പ്രതിസന്ധി നേരിടുകയാണെന്നും, റോഹിങ്ക്യൻ പ്രതിസന്ധികൾ മേഖലയിലെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും ഹുസൈൻ പറഞ്ഞു.ഇന്തോനീഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അവകാശാവകാശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മനുഷ്യാവകാശ ലംഘനങ്ങൾ നാളെ വലിയ സംഘർഷങ്ങൾക്ക് കാരണമാകും. റോഹിങ്ക്യ പ്രതിസന്ധിയിൽ മതപരമായ ആധികാരികതയെ അടിസ്ഥാനമാക്കി സംഘർഷങ്ങൾ ഉണ്ടായാൽ അത് ഒരു വലിയ പ്രശ്നത്തിന് കരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഹിങ്ക്യയ്ക്കെതിരായ അഞ്ച് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിവേചനത്തിന്റയും , അക്രമണത്തിന്റയും രൂക്ഷമായ ദൃശ്യങ്ങളാണ് മ്യാൻമറിൽ ആഗസ്റ്റ് മാസത്തിൽ ആരംഭിച്ച റോഹിങ്ക്യകൾ നേരിട്ട വംശീയ ഉന്മൂലനം. കൂടാതെ ഏഷ്യൻ രാജ്യങ്ങളിലെ ജനാധിപത്യം അധപതനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും സീദ് വ്യക്തമാക്കി.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ബംഗ്ലാദേശിൽ എത്തിയ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി മ്യാൻമർ കരാറില്‍ ഒപ്പുവെച്ചിരുന്നു. ജനുവരി അവസാനത്തോടെ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരിന്നത്. എന്നാൽ മ്യാൻമർ ഒരുക്കുന്ന വീടുകളുടെ പണികൾ പൂർത്തിയാകാത്തതിനാൽ തിരിച്ചയക്കൽ നടപടികൾ വൈകുകയാണ്.
ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്ന് ലോക മനുഷ്യവകാശ സംഘടനകൾ ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കാരണത്താൽ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് മുൻപ് തിരികെ എത്തുന്നവർക്ക് താത്കാലിക അഭയ കേന്ദ്രങ്ങളാണ് നൽകുന്നതെന്നും , അതിനാൽ രണ്ട് വർഷത്തിനുളളിൽ ഇവരെ പൂർണമായി സ്വീകരിക്കുമെന്ന് മ്യാൻമർ വ്യക്തമാക്കിയിരുന്നു.