റോഹിങ്ക്യൻ ഗ്രാമങ്ങൾ ഉന്‍മൂലനം ചെയ്ത് മ്യാൻമർ ; ലക്ഷ്യം തെളിവുകൾ നശിപ്പിക്കൽ

Rohingya villages

നായ്‌പയിടൗ: മ്യാൻമർ റോഹിങ്ക്യൻ ജനതകളോട് പ്രവർത്തിച്ച ക്രൂരതകളുടെ തെളിവുകൾ നശിപ്പിക്കാൻ റോഹിങ്ക്യൻ ഗ്രാമങ്ങൾ ഉന്‍മൂലനം ചെയ്ത് മ്യാൻമർ ഭരണകുടം. പകുതി നശിച്ച ഗ്രാമങ്ങളെ ഭരണകുടം പൂർണ്ണമായി ഇല്ലാതാക്കിയിരിക്കുകയാണിപ്പോള്‍.
ഏകദേശം 55 ഗ്രാമങ്ങളെയാണ് പട്ടാളം ആക്രമിച്ചത്. ഇവയിൽ പലതും ഇതിനകം തകർന്നു കിടക്കുകയായിരുവെന്നും പൂർണ്ണമായും ഗ്രാമങ്ങളെ ഇല്ലതാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അയൽ രാജ്യമായ ബംഗ്ലാദേശില്‍ എത്തിചേർന്നിട്ടുണ്ട്. വംശീയ ശുദ്ധീകരണത്തിന്റെ പാഠപുസ്തകം എന്നാണ് ഈ ക്രൂരതയെ ഐക്യരാഷ്ട്ര സഭ വിലയിരുത്തിയത്.

അതേസമയം ഞങ്ങൾ പോരാടുന്നത് തീവ്രവാദികളോട് ആണെന്നും ജനങ്ങളെ ലക്ഷ്യമാക്കുന്നില്ലെന്നും ആരോപണങ്ങളെ നിഷേധിച്ച് മ്യാൻമർ സൈന്യം വ്യക്തമാക്കുന്നു.

റോഹിങ്ക്യൻ ജനതയെ അഭയാർത്ഥികളാക്കിയ മ്യാൻമർ ഭരണകൂടത്തിന്റെ പ്രവർത്തിയുടെ തെളിവുകൾ നശിപ്പിക്കാനാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. അവർക്ക് സ്വന്തമായി ഒന്നുമില്ല പകുതി നശിച്ച ആ വീടുകൾ കൂടി നശിപ്പിക്കുന്നതിനാൽ മ്യാൻമർ നൽകാമെന്ന് പറയുന്ന സംരക്ഷണത്തെ എങ്ങനെ വിശ്വസിക്കുമെന്നും റൈറ്റ്സ് വാച്ച് ചോദിക്കുന്നു.

satellite_imagery_rohingya_village

ഈ ഗ്രാമങ്ങളിൽ പലതും റോഹിങ്ക്യൻ ജനതയ്ക്ക് എതിരെ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങളാണ് കാണിച്ചു തരുന്നതെന്നും. അതിനാൽ ഐക്യരാഷ്ട്ര സഭയുടെ കൗൺസിൽ അംഗങ്ങൾ ഇവിടെ എത്തി തെളിവുകൾ ശേഖരിച്ചു റിപ്പോർട്ട് തയാറാക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏഷ്യ ഡയറക്ടർ ബ്രാഡ് ആഡംസ് പറഞ്ഞു. എന്നാൽ പ്രശ്ന മേഖലയിൽ ഐക്യരാഷ്ട്ര സഭയുടെ കൗൺസിൽ അംഗങ്ങൾക്ക് അന്വേഷണം നടത്താൻ മ്യാൻമർ പ്രവേശനം അനുവദിച്ചിട്ടില്ല.

ഈ പ്രദേശങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നത് റോഹിങ്ക്യയുടെ നിയമസംരക്ഷണങ്ങൾക്ക് വിലയില്ല എന്നതിന്റെ സൂചനയാണെന്നും റോഹിങ്ക്യക്കാർക്ക് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാനുള്ള അവകാശമില്ല എന്നാണ് മ്യാൻമാർ പറയുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ഈ വാദങ്ങൾ തെറ്റാണെന്നും, തിരികെയെത്തുന്നവർക്കായി പുതിയ വീടുകൾ പണിയുന്നതിനു മുൻപ് അവിടെ ചില മാറ്റങ്ങൾ വരുത്തി എല്ലാം ശരിയാക്കിയതാണെന്നും മ്യാൻമർ അധികൃതർ പറഞ്ഞു.

മ്യാൻമറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ ബംഗ്ലാദേശിൽ നിന്ന് തിരികെ സ്വീകരിക്കുന്നതിന് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചിരുന്നു. അതിന്റെ ഭാഗമായി നടപടികൾ സ്വീകരിക്കുകയാണ് ബംഗ്ലാദേശും മ്യാൻമറും ഇപ്പോൾ.

ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്നും , അടിസ്ഥാനപരമായ അവരുടെ ആവിശ്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകണമെന്നും ലോക മനുഷ്യവകാശ സംഘടനകൾ ആവിശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് : രേഷ്മ പി.എം

Top