പുതു ചരിത്രം; മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി; ക്യാപ്റ്റനെന്ന നിലയിൽ അപൂർവ നേട്ടവുമായി രോഹിത്

നാഗ്പൂർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചറി. 171 പന്തുകളിൽനിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചറി സ്വന്തമാക്കിയത്. ക്യാപ്റ്റനായ ശേഷമുളള ആദ്യ സെഞ്ച്വറി കൂടിയാണിത്. ഈ നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ.

മത്സരം 67 ഓവറുകൾ പിന്നിടുമ്പോൾ അഞ്ചിന് 189 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയും (103), രവീന്ദ്ര ജഡേജയുമാണ് (12) ക്രീസിൽ. ആർ. അശ്വിൻ (23), ചേതേശ്വർ പൂജാര (7), വിരാട് കേഹ് ലി (12), സൂര്യകുമാർ യാദവ് (8) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടാം ദിനം പുറത്തായത്.

ആദ്യ ദിവസം 20 റൺസെടുത്ത കെഎൽ രാഹുലും പുറത്തായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നർ ടോഡ് മർഫിയാണ് ഓസ്‌ട്രേലിയയ്ക്കായി നാലു വിക്കറ്റും വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. അശ്വിൻ എൽബിഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ സ്‌കോട്ട് ബോളണ്ടിന് ക്യാച്ച് നൽകിയാണ് പൂജാരയുടെ പുറത്താകൽ. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ കോലിയെ വിക്കറ്റ് കീപ്പർ അലക്‌സ് കാരി ക്യാച്ചെടുത്തു മടക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിൻ കെണിയിൽ വീണു മൂന്നാം സെഷനിൽ തന്നെ മുട്ടുമടക്കി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആർ അശ്വിനും ഓസീസ് പതനം പൂർത്തിയാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

നാല് ഓസ്ട്രേലിയൻ ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 49 റൺസെടുത്ത മർനസ് ലബുഷെയ്നാണ് ടോപ് സ്‌കോറർ. സ്റ്റീവ് സ്മിത്ത് (37), അലക്സ് കാരി (36), പീറ്റർ ഹാൻഡ്സ്‌കോംപ് (31) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. സ്‌കോർ രണ്ടിൽ നിൽക്കേ ഓരോ റണ്ണുമായി ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച മാർനസ് ലബുഷെയ്ൻ (49), സ്റ്റീവ് സ്മിത്ത് (37) എന്നിവർ ഇന്നിങ്സ് നേരെയാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 82 റൺസ് കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരേയും ജഡേജ മടക്കി.

മാറ്റ് റെൻഷോയെ ജഡേജ ഗോൾഡൻ ഡക്കാക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച പീറ്റർ ഹാൻകോംപ് അൽക്സ് കാരി സഖ്യവും പൊരുതാനുള്ള ശ്രമം നടത്തി. അശ്വിൻ എത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 36 റൺസുമായി കാരി മടങ്ങി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (6), ടോഡ് മർഫി (പൂജ്യം), സ്‌കോട്ട് ബോളണ്ട് (ഒന്ന്) എ
ന്നിവരും അധികം ക്രീസിൽ നിന്നില്ല. നതാൻ ലിയോൺ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

Top