ഇന്ത്യയ്ക്കായി ടി20 ജേഴ്സി അണിഞ്ഞേക്കില്ലെന്ന് രോഹിത് ശര്‍മ; ലോകകപ്പിനു മുമ്പേ എടുത്ത തീരുമാനം

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനി ദേശീയ ടീമിനായി ടി20 മത്സരങ്ങള്‍ കളിച്ചേക്കില്ല . ഏകദിന ലോകകപ്പിനു മുമ്പുതന്നെ ബിസിസിഐയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022 നവംബറില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ പുറത്തായതിന് ശേഷം പിന്നീട് രോഹിത് ഇന്ത്യയ്ക്കായി ടി20 മത്സരം കളിച്ചിട്ടില്ല. അതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയാണ് വിവിധ പരമ്പരകളില്‍ ടീമിനെ നയിച്ചത്.

ഇനി തന്നെ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രോഹിത് സെലക്ടര്‍മാരെ അറിയിച്ചതായും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്കായി 148 ടി20 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയും, 29 അര്‍ധ സെഞ്ചുറിയുമടക്കം 3853 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഓസ്ട്രേലിയക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തടക്കം ഏകദിന ലോകകപ്പില്‍ കളിച്ച മിക്ക താരങ്ങളേയും പരിഗണിച്ചിട്ടില്ല. ഹാര്‍ദിക്കിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി എന്നത് മാത്രമാണ് മാറ്റം. രോഹിത് ഇല്ലെങ്കില്‍ ഓപ്പണിങ്ങില്‍ ഇന്ത്യയ്ക്ക് നാല് ഓപ്ഷനുകളുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ഋുതുരാജ് ഗെയ്ക്വാദ്.

36 വയസുള്ള രോഹിത് കരിയറിന്റെ അവസാന ഘട്ടത്തിലാണ്. അതിനാല്‍ തന്നെ തന്റെ ജോലിഭാരം നിയന്ത്രിക്കാനും കരിയറില്‍ അവശേഷിക്കുന്ന കാലയളവില്‍ പരിക്കുകളില്ലാതെ തുടരാനുമാണ് അദ്ദേഹത്തിന്റെ ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍.

Top