കോലിയെയും സിറാജിനെയും പ്രശംസിച്ച് രോഹിത് ശര്‍മ; ഇഷാന്‍ കിഷനും അഭിനന്ദനം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. അവസാനദിനം ഒരുപന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. രണ്ട് വിക്കറ്റിന് 76 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം കളി അവസാനിപ്പിച്ചിരുന്നത്. ഒരു ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കെ 289 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാനദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു.

മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പേസര്‍ മുഹമ്മദ് സിറാജിനേയും വിരാട് കോലിയേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തി. രോഹിത്തിന്റെ വാക്കുകള്‍… ”എല്ലാ വിജയങ്ങളും വ്യത്യസ്ഥമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുമ്പോള്‍ അതിന്റേതായ വെല്ലുവിളികളുണ്ട്. കാര്യങ്ങള്‍ അനുകൂലമായി സംഭവിച്ചതില്‍ ഏറെ സന്തോഷം. നിര്‍ഭാഗ്യവശാല്‍ രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പരമ്പര തൂത്തുവാരാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം അവസാനദിനം ബാറ്റ് ചെയ്യുക അല്‍പം ബുദ്ധിമുട്ടാണ്. അടുത്ത കാലത്ത് ഏറെ പുരോഗതി കൈവരിച്ച താരമാണ് മുഹമ്മദ് സിറാജ്.

അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. പന്ത് കയ്യിലെടുക്കുന്ന എല്ലാവരും ആക്രമണത്തിന് നേതൃത്വം നല്‍കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇഷാന്‍ കിഷനെ പോലെയുള്ള താരങ്ങളും ടീമിന് വേണം. പെട്ടന്ന് കൂടുതല്‍ റണ്‍സ് ആവശ്യമായിരിക്കെയാണ് അവന് സ്ഥാനക്കയറ്റം നല്‍കിയത്. ഭീതിയൊന്നുമില്ലാതെ കിഷന്‍ കളിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോലി കളിച്ചത് പോലെയുള്ള ഇന്നിംഗ്‌സുകളും അത്യാവശ്യമാണ്. മനോഹരമായിട്ടാണ് കോലി കളിച്ചത്. കഴിവുള്ള താരങ്ങളുടെ ഒരുസംഘം തന്നെയാണ് ടീം. സ്ഥിരതയോടെ കളിക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്്.” രോഹിത് പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരത്തിലെ താരം. 15 വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. രണ്ട് മത്സരങ്ങളില്‍ 266 വിക്കറ്റ് വീഴ്ത്തിയ യശസ്വി ജയസ്വാളാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതാരം.

Top