ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ശുഭ്മൻ ഗിൽ കളിക്കാൻ സാധ്യത; 99% തയാറെന്ന് രോഹിത് ശർമ

അഹമ്മദാബാദ് : ലോകകപ്പിൽ ശനിയാഴ്ച പാക്കിസ്ഥാനെതിരെ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ കളിച്ചേക്കുമെന്ന് സൂചന നൽകി നായകൻ രോഹിത് ശർമ. പാക്കിസ്ഥാനെതിരെ കളിക്കാൻ ഗിൽ 99 ശതമാനം തയ്യാറാണെന്നും അന്തിമ തീരുമാനം നാളെയെടുക്കുമെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയ ഗിൽ ഒരു മണിക്കൂറോളം ടീമംഗങ്ങൾക്കൊപ്പം ചെലവഴിച്ചു.

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ശുഭ്മൻ ഗില്ലിന് ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാനായില്ല. ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരത്തിൽ ഗിൽ ഇല്ലാതെയാണ് ടീം മത്സരത്തിനിറങ്ങിയത്. ഫിറ്റ്നസ് പൂർണമായി വീണ്ടെടുക്കാൻ സമയം വേണ്ടതിനാൽ നാളത്തെ മത്സരത്തിലും താരം കളിക്കാനുള്ള സാധ്യത കുറവാണെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.

പാക്കിസ്ഥാനെതിരായ മത്സരത്തലേന്നു വന്ന സൂചനകൾ ആരാധകര്‍ക്കും ആവേശമായിരിക്കുകയാണ്. നേരത്തേ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ഗില്ലിന് അപ്രതീക്ഷിതമായാണ് ഡെങ്കി പിടിപെട്ടത്. ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ഇന്ത്യ നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാമതാണ്. ഗിൽ വരുന്നതോടെ ബാറ്റിങ് നിര കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

Top