നായക മാറ്റത്തെ ന്യായീകരിച്ച മാര്‍ക്ക് ബൗച്ചറിന് മറുപടിയുമായി രോഹിത് ശര്‍മ്മയുടെ ഭാര്യ

നായക മാറ്റത്തെ ന്യായീകരിച്ച മുംബൈ ഇന്ത്യന്‍സ് കോച്ച് മാര്‍ക്ക് ബൗച്ചറിന് മറുപടിയുമായി രോഹിത് ശര്‍മ്മയുടെ ഭാര്യ. എംഐ കോച്ച് പറഞ്ഞതില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റാണെന്ന് റിതിക. നേരത്തെ രോഹിതിനെ നായക സ്ഥാനത്ത് നിന്നും മാറ്റാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് മാര്‍ക്ക് ബൗച്ചര്‍ രംഗത്തെത്തിയിരുന്നു.

സ്മാഷ് സ്പോര്‍ട്‌സ് പോഡ്കാസ്റ്റിലൂടെയാണ് മാര്‍ക്ക് ബൗച്ചര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തുകൊണ്ടാണ് റിതികയുടെ പ്രതികരണം. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ നീക്കിയ ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ചുതല നല്‍കി. ഇതു വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.”എന്നാല്‍ ഇക്കാര്യം ഇന്ത്യയില്‍ ഏറെപ്പേര്‍ക്കും ഒരുപാട് ആളുകള്‍ക്ക് മനസിലാകുന്നില്ല. ആളുകള്‍ വളരെ വികാരാധീനരാകുന്നു. പക്ഷെ, ഇക്കാര്യത്തില്‍ വൈകാരികത മാറ്റി വയ്ക്കേണ്ടതുണ്ട്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം മാറിയതോടെ കളിക്കാരനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കളി ആസ്വദിക്കാനും കൂടുതല്‍ റണ്‍സ് നേടാനും താരത്തെ അനുവദിക്കുകയാണ് വേണ്ടത്”- മാര്‍ക്ക് ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ്മയുടെ ജോലിഭാരം കുറയ്ക്കാനാണ് തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കിയത് പൂര്‍ണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഒരു കളിക്കാരനായി ഹാര്‍ദിക് തിരികെ വരുന്നത് നമ്മള്‍ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യന്‍സില്‍ ഇതൊരു പരിവര്‍ത്തന ഘട്ടമാണ്”- മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

Top