മുംബൈ: ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി നൽകിയാൽ മാത്രമേ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കൂവെന്ന് രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചിരുന്നതായി വെളിപ്പെടുത്തൽ. വിരാട് കോലിയെ നായകസ്ഥാനത്തുനിന്ന് നീക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് രോഹിത് ട്വന്റി20 നായകസ്ഥാനത്തിനു പുറമേ, ഏകദിന ടീമിന്റെ നായകസ്ഥാനം കൂടി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന റിപ്പോർട്ട്.
ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായി രോഹിത് ശർമയെ നിയോഗിച്ച സിലക്ടർമാർ, കഴിഞ്ഞ ദിവസം ഏകദിന ടീമിന്റെ നായകസ്ഥാനത്തും രോഹിത്തിനെ അവരോധിച്ചിരുന്നു.
അതേസമയം, വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നിർബന്ധിച്ച് മാറ്റുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാണ്. 48 മണിക്കൂറിനുള്ളിൽ നായകസ്ഥാനം ഒഴിയാൻ ബിസിസിഐ വിരാട് കോലിക്ക് സമയം നിർദ്ദേശം നൽകിയിരുന്നതായും, താരം പ്രതികരിക്കാതിരുന്നതിനെ തുടർന്ന് രോഹിത്തിനെ നായകനായി പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് സൂചന.
ട്വന്റി20, ഏകദിന ഫോർമാറ്റുകൾക്ക് ഒറ്റ നായകൻ മതിയെന്ന സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഏകദിന നായകസ്ഥാനത്തും രോഹിത് ശർമയെ നിയോഗിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോലി തന്നെ തുടരുന്ന, ഇരട്ട ക്യാപ്റ്റൻ ശൈലിയിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് മാറുന്നത്.
‘ട്വന്റി20 നായകസ്ഥാനത്തുനിന്ന് മാറരുതെന്ന് ഞങ്ങൾ വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന് തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. ആ സ്ഥിതിക്ക് രണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻമാർ വേണ്ടെന്ന് സിലക്ടർമാരും തീരുമാനിക്കുകയായിരുന്നു. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിനാലാണ് കോലിക്കു പകരം രോഹിത്തിന് ഏകദിന ടീമിന്റെയും ചുമതല നൽകിയത്’ – ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.
രോഹിത്തിനെ ഏകദിന ടീമിന്റെ നായകനായി പ്രഖ്യാപിച്ച സിലക്ഷൻ കമ്മിറ്റി യോഗം നടക്കുമ്പോൾ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, അജിൻക്യ രഹാനെ തുടങ്ങിയവർക്കൊപ്പം മുംബൈയിൽ പരിശീലനത്തിലായിരുന്നു രോഹിത് ശർമ. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഏകദിന നായകസ്ഥാനം കൂടി വേണമെന്ന ആവശ്യം സിലക്ടർമാർക്കു മുന്നിൽ വച്ചത് രോഹിത് തന്നെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.