ഹൈദരാബാദ്: വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലീം ലീഗ് പറ്റിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് രാധിക വെമുല. കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമൂലയുടെ അമ്മയാണ് രാധിക വെമൂല.
തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇപ്പോഴും തനിക്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചിട്ടില്ലെന്നും അമ്മ രാധിക വെമൂലയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ രാജ് വെമൂലയും വ്യക്തമാക്കി.
ചെക്കൊന്നും മടങ്ങിയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് തിരസ്‌കരിക്കപ്പെടുകയായിരുന്നുവെന്നും രാധിക പറഞ്ഞു. ”മുസ്ലീം ലീഗുമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ല. ഭൂമി വാങ്ങാന്‍ അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ തന്നിട്ടുണ്ട്. റംസാന് ശേഷം പത്ത് ലക്ഷം രൂപ കൂടി തരാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്” രാധിക പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി രാധിക തന്നെ രംഗത്തെത്തുകയായിരുന്നു.
പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി രോഹിതിന്റെ സഹോരന്‍ രാജ് വെമുലയും രംഗത്തെത്തി. തന്റെ അമ്മയേയും സഹോദരനെയും അപമാനിക്കാനായി ആരോ തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് രാജ് വെമുല പറഞ്ഞു.