കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളിയ സുപ്രീം കോടതി നടപടിയില്‍ ആശങ്കയോടെ അന്വേഷണ സംഘം. പ്രോസിക്യൂഷന്‍ ആരോപണമുന്നയിച്ച വിചാരണ കോടതി ജഡ്ജി കനിഞ്ഞെങ്കില്‍ മാത്രമേ ഇനി വിചാരണ നീട്ടുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കുകയൊള്ളൂ. ഇതില്‍പരം ഒരു തിരിച്ചടി ഇനി പ്രോസിക്യൂഷന് ലഭിക്കാനില്ല.
തനിക്കെതിരെ ചുമത്തപ്പെട്ട രണ്ടു കേസുകളിലും ജീവന്‍മരണ പോരാട്ടമാണ് നടന്‍ ദിലീപ് ഇപ്പോള്‍ നടത്തി വരുന്നത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും ശക്തനായ അഭിഭാഷകനെ രംഗത്തിറക്കിയിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ അഗ്രഹണ്യനായ മുകുള്‍ റോത്തഗിയാണ് ദിലീപിനു വേണ്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വാദിച്ചിരിക്കുന്നത്. വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യം മാത്രമല്ല, കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം പോലും തള്ളിക്കളയുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.
മാധ്യമ വിചാരണയാണ് കേരളത്തില്‍ നടക്കുന്നതെന്നും, നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തെളിവുണ്ടെന്ന് പറഞ്ഞ് അന്വേഷണ സംഘം വരുന്നത് തന്നെ വിചാരണ അട്ടിമറിക്കുന്നതിനാണ് എന്നതാണ് റോത്തഗി വാദിച്ചിരുന്നത്. വിചാരണയുടെ ഒടുവില്‍, അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിനു തൊട്ടു മുമ്പാണ്, പുതിയ വാദമുയര്‍ത്തി അന്വേഷണ സംഘം രംഗത്തു വന്നതെന്ന റോത്തഗിയുടെ വാദത്തിന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി പറഞ്ഞ ക്രൈംബ്രാഞ്ച് മേധാവിക്കും, സുപ്രീം കോടതിക്കു കൈമാറാന്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപിനെതിരെ സീല്‍ഡ് കവറില്‍ നല്‍കാനെങ്കിലും ഒരു തെളിവുണ്ടായിരുന്നു എങ്കില്‍, പ്രോസിക്യൂഷന് അനുകൂലമായ എന്തെങ്കിലും ഒരു പരാമര്‍ശം എങ്കിലും ഉണ്ടാകുമായിരുന്നു എന്നാണ്, നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ക്രൈംബ്രാഞ്ച് എന്തൊക്കെ കണ്ടെത്തല്‍ നടത്തിയാലും, അതിനെ വേണ്ടിവന്നാല്‍, സുപ്രീം കോടതി വരെ എത്തി ചോദ്യം ചെയ്യുമെന്നതാണ് ദിലീപിന്റെ നിലപാട്. അതിനു വേണ്ടി തന്നെയാണ് മുകുള്‍ റോത്തഗിയെ തേടിപ്പിടിച്ചിരിക്കുന്നത്.
ഇന്ത്യയുടെ 14ാമത്അറ്റോര്‍ണി ജനറലായിരുന്ന റോത്തഗി, സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. നേരത്തെ,ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അവധ് ബിഹാരി റോത്തഗിയുടെ മകനായ മുകുള്‍ റോത്തഗി, 2002ലെ ഗുജറാത്ത് കലാപത്തിലും ബെസ്റ്റ് ബേക്കറി, സാഹിറ ഷെയ്ഖ് കേസുകള്‍ ഉള്‍പ്പെടെയുള്ള വ്യാജ ഏറ്റുമുട്ടല്‍ മരണക്കേസുകളിലും, ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിലും ഹാജരായിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട കേസിലും റോത്തഗിയാണ് ഹാജരായിരുന്നത്. റോത്തഗിയുടെ വാദങ്ങള്‍ കോടതികളില്‍ ഇടിനാദമായാണ് മാറാറുള്ളത്. ദിലീപിനെതിരെ ശക്തമായ തെളിവില്ലെങ്കില്‍, അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും ഹൈക്കോടതിയില്‍ മാത്രമല്ല, സുപ്രീം കോടതിയിലും ഇനി ചോദ്യം ചെയ്യപ്പെടും.