ആലുവ: കാലടി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു. സി.പി.എം ഗുണ്ടാ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് ആരോപിക്കുന്ന കോൺഗ്രസ്സിന്റെ ഒരു എം.എൽ.എ കാലടി പൊലീസ് സ്റ്റേഷനിൽ ഗുണ്ടായിസം കാണിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെയാണ് അങ്കമാലി എം.എൽ.എ റോജി എം ജോണിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പെൺകുട്ടിയെ റാഗ് ചെയ്‌ത കേസിലെ പ്രതികളായ കെഎസ്‌യുക്കാരെ സ്‌റ്റേഷനിൽ നിന്നിറക്കാനാണ് എ.ഐ.സി.സി സെക്രട്ടറി കൂടിയായ റോജി എം ജോൺ പൊലീസ് സ്റ്റേഷനിലെത്തി ഗുണ്ടായിസം കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
റോജി എം ജോണിനൊപ്പം ബെന്നി ബഹനാൻ എം.പിയും എംഎൽഎ സനീഷ് ജോസഫും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. റോജി എം ജോൺ പൊലീസുകാരെ ഭീഷണിപ്പെടുത്തി സെല്ലിൽ നിന്നും പ്രതികളെ ഇറക്കിവിടാനാണ് ശ്രമിച്ചിരിക്കുന്നത്. റോജി പൊലീസിനോട് തട്ടിക്കയറി ലോക്കപ്പിൽ നിന്നും പ്രതികളെ പുറത്തിറക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ കയറി ഇത്തരം ഒരു വെല്ലുവിളി നടത്തിയ റോജി എം ജോണിനെതിരെ അപ്പോൾ തന്നെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഗൗരവമായി തന്നെ സർക്കാർ കാണണമെന്നതാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. ആ സറ്റേഷന്റെ ചുമതലയുളള സി.ഐക്കും, പ്രതിയെ ലോക്കപ്പിൽ നിന്നും എം.എൽ.എ ഇറക്കുമ്പോൾ പ്രതികരിക്കാതിരുന്ന പൊലീസുകാർക്കും, കാക്കിയിടാൻ ഒരു അർഹതയുമില്ലന്നാണ് അവർ തുറന്നടിക്കുന്നത്.
സംസ്ഥാനത്തെ പൊലീസിന് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് സേനയിലും പ്രതിഷേധം ശക്തമാണ്. എം.എൽ.എയ്ക്ക് എതിരെ കേസെടുക്കണമെന്നതാണ് സേനയിലെ വികാരം. കാലടി ശ്രീ ശങ്കര കോളേജിലുണ്ടായ സംഭവത്തെ തുടർന്നാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നത്. നിരന്തരം ശല്യം ചെയ്‌ത കെഎസ്‌യു പ്രവർത്തകരോട് കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി എതിർത്ത് സംസാരിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ പെൺകുട്ടിയെ ക്ലാസിൽ കയറാൻ സമ്മതിക്കാത്തതിനെ ചോദ്യം ചെയ്‌ത സുഹൃത്തായ എസ്‌എഫ്‌ഐ പ്രവർത്തകന് മർദ്ദനമേറ്റതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് ക്യാമ്പസിലെത്തിയ പൊലീസ് കെഎസ്‌യു പ്രവർത്തകരെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് സംഘർഷത്തിനു ശ്രമിച്ചിരുന്നു. ഈ കേസിലാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നത്.
റാഗിങ് സംഭവത്തിൽ പെൺകുട്ടിയും കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകിയിട്ടുണ്ട്. മർദ്ദിച്ച കെഎസ്‌യുക്കാർക്കെതിരെ എസ്‌എഫ്‌ഐ പ്രവർത്തകനും പരാതി നൽകിയതായാണ് ലഭിക്കുന്ന വിവരം. ഈ സംഭവത്തിന് ശേഷം എസ്‌എഫ്‌ഐ പ്രവർത്തകൻ ചികിത്സയിലുള്ള ആശുപത്രിയിൽ മദ്യപിച്ചെത്തി കെഎസ്‌യുക്കാർ ബഹളമുണ്ടാക്കിയതായും എസ്.എഫ്.ഐ ആരോപിച്ചിട്ടുണ്ട്. എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷവും, പൊലീസുമായുള്ള കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധവും എല്ലാം , സ്വാഭാവികമാണെങ്കിലും, ഒരു എം.എൽ.എ പെലീസ് ലോക്കപ്പിൽ കിടന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുന്നത് അസാധാരണ സംഭവമാണ്. അതു കൊണ്ടു തന്നെയാണ് ജനങ്ങളും ഇത് നിയമ വാഴ്ചയോടുളള വെല്ലുവിളി ആയി കാണുന്നത്.