കരുണ, കണ്ണൂര്‍ മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബല്‍റാമിനെതിരെ റോജി എം. ജോണ്‍

ballu

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നിലപാടിനെതിരെ റോജി എം. ജോണ്‍. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഞാന്‍ മാത്രം മാന്യന്‍ മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് വി ടി ബല്‍റാം എംഎല്‍എ നടത്തുന്നതെന്ന് റോജി എം. ജോണ്‍ പറഞ്ഞു.

ഇത്തരം ആദര്‍ശ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ‘ലൈക്കുള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ലെന്നും പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണെന്നും റോജി എം ജോണ്‍ പറഞ്ഞു.

കഴിഞ്ഞ ഒന്‍പത് മാസമായി ഓര്‍ഡിനന്‍സ് ആയും ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണിത് അപ്പോഴൊന്നും ബല്‍റാം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. ബില്ല് ചര്‍ച്ചയ്ക്കെടുത്ത ദിവസം യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ യോഗം ചേര്‍ന്നപ്പോഴും ബല്‍റാം വിയോജിപ്പ് പറഞ്ഞിട്ടില്ലെന്നും റോജി വിമര്‍ശിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം റോജി പറഞ്ഞത്.

റോജി എം. ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയങ്ങള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓര്‍ഡിനന്‍സായും, ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണ്. അതില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവര്‍ക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും, നേതാക്കാന്‍മാര്‍ക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവില്‍ ഏതെങ്കിലും പാര്‍ട്ടി വേദികളിലൊ പാര്‍ലമെന്ററി പാര്‍ട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചര്‍ച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളില്‍ ഉന്നയിച്ചാല്‍ ‘കടക്ക് പുറത്ത് ‘ എന്ന് പറയുകയൊ ‘Capital Punishment’ നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോണ്‍ഗ്രസിനും യു ഡി എഎഫിനും ഉള്ളത്.

മാനുഷിക പരിഗണന നല്‍കികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാതെ ‘അവസരം’ നോക്കി പൊതു സമൂഹത്തില്‍

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാന്‍ മാത്രം മാന്യന്‍’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദര്‍ശ രാഷ്ട്രീയത്തോട് ‘ അശേഷം താല്‍പര്യമില്ല എന്ന് മാത്രം പറയട്ടെ.

‘ലൈക്’ കള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല. പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണെന്നും റോജി പി.ജോണ്‍ പറഞ്ഞു

Top