വടകര : പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കൂടത്തായിയിലെ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെന്നും റോജോ അറിയിച്ചു.
കേസില്‍ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയത്. തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോള്‍ സത്യങ്ങള്‍ ചുരുളഴിയുന്നതായും റോജോ പറഞ്ഞു.
അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. എസ്.പി കെ.ജി സൈമണില്‍ വിശ്വസിക്കുന്നുവെന്നും റോജോ വ്യക്തമാക്കി. രാവിലെ അമേരിക്കയില്‍ നിന്നെത്തിയ റോജോ ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കൂടത്തായ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്.