ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) ജീവനക്കാർക്കു പങ്കുണ്ടെന്ന ഇസ്രേലി ആരോപണത്തിൽ തുടർനടപടികൾ. ഇസ്രയേൽ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ ജീവനക്കാരെ പുറത്താക്കിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും യുഎൻആർഡബ്ല്യുഎ അറിയിച്ചു.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഇറ്റലി, കാനഡ രാജ്യങ്ങൾ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം നിർത്തിവച്ചു. നടുക്കുന്ന വാർത്തയാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് പ്രതികരിച്ചു.
ഇസ്രേലി പ്രധാനമന്ത്രിയുടെ ഉപദേശകൻ മാർക്ക് രെഗെവ് ആണ്, യുഎൻ ഏജൻസിയുടെ ശന്പളം പറ്റുന്നവർക്കും ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത്. യുഎൻആർഡബ്ല്യുഎ നടത്തുന്ന സ്കൂളിലെ അധ്യാപകർ ഭീകരാക്രമണം പരസ്യമായി ആഘോഷിച്ചു. മോചിപ്പിക്കപ്പെട്ട ബന്ദികളിലൊരാളെ പാർപ്പിച്ചിരുന്നത് യുഎൻആർഡബ്ല്യുഎ ജീവനക്കാരന്റെ വീട്ടിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തിൽ ഉടനടി അന്വേഷണം നടത്തണമെന്ന് യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടെരസ് യുഎൻആർഡബ്ല്യുഎ മേധാവി ഫിലിപ്പെ ലാസറീനിക്കു നിർദേശം നല്കി. കുറച്ചു ജീവനക്കാരെ പുറത്താക്കി അന്വേഷണം തുടങ്ങിയെന്ന് ലാസറീനി അറിയിച്ചു.
യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയിൽ യുഎൻആർഡബ്ല്യുഎ പ്രവർത്തിക്കുന്നത് തടയാൻ ശ്രമിക്കുമെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.
ഏജൻസിക്കുള്ള സഹായം താത്കാലികമായി നിർത്തിവച്ചുവെന്നറിയിച്ച യുഎസും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ, ഭീകരാക്രമണത്തിൽ യുഎൻ ജീവനക്കാർക്കു പങ്കുണ്ടെന്ന ആരോപണം അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നു പറഞ്ഞു.
1949ൽ രൂപീകരിക്കപ്പെട്ട ഈ ഏജൻസി ഗാസ, വെസ്റ്റ്ബാങ്ക്, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലെ പലസ്തീനികൾക്ക് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സഹായം നല്കിവരുന്നു.