കേരളത്തിൽ 107 തിയറ്ററുകളില്‍ 50-ാം ദിവസം ആഘോഷിച്ച് ‘രോമാഞ്ചം’

ലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ തിയറ്ററുകളില്‍ ചിത്രം 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. വൈഡ് റിലീസിന്റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഏതാനും ചില സ്ക്രീനുകളില്‍ മാത്രമല്ല ഈ ഘട്ടത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കൗതുകം.

ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ 50-ാം ദിവസം ആഘോഷിക്കുന്നത് ഇന്നാണ്. നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത് പ്രകാരം കേരളത്തില്‍ മാത്രം 107 സ്ക്രീനുകളില്‍ ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കളക്ഷന്‍ പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 68 കോടിയാണ്. സമീപകാലത്ത് അപൂര്‍വ്വം മലയാള ചിത്രങ്ങള്‍ക്ക് മാത്രം ഉണ്ടാക്കാന്‍ സാധിച്ച നേട്ടമാണ് ഇത്.

എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്.

Top