‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി; വധു സഹസംവിധായിക

രോമാഞ്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായകയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. ‘രോമാഞ്ചം’ സിനിമയിലും അസോഷ്യേറ്റ് ഡയറക്ടറായി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷിഫിന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

വളരെ ലളിതമായി നടന്ന ചടങ്ങില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.ഇരുവരും പരസ്പരം മോതിരമിടുന്നത് ചിത്രങ്ങളില്‍ കാണാം. അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സൗബിന്‍ ഷാഹിര്‍, സിജു സണ്ണി,ശ്രീറാം രാമചന്ദ്രന്‍, നവീന്‍ നസീം ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ ദമ്പതികള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ജിത്തു മാധവന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ‘രോമാഞ്ചം’. ബോക്‌സ്ഓഫിസില്‍ മികച്ച കലക്ഷനാണ് ചിത്രം നേടിയതും. രോമാഞ്ചത്തിന്റെ മികച്ച വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ജിത്തു. ‘ആവേശം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്.

Top