റോം: ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ റോമില്‍ രണ്ടു കന്യാസ്ത്രീമഠങ്ങള്‍ നിരീക്ഷണത്തില്‍.
ഡോട്ടേഴ്‌സ് ഓഫ് സാന്‍ കാമിലസ്, ആഞ്ചലിക് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോള്‍ എന്നീ മഠങ്ങളിലെ 59 കന്യാസ്ത്രീകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മഠങ്ങള്‍ നിരീക്ഷണത്തിലുള്ളത്.
റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രോറ്റാഫെറാറ്റ നഗരത്തിലെ ഡോട്ടേഴ്‌സ് ഓഫ് സാന്‍ കാമിലസില്‍ താമസിക്കുന്ന 50 ഓളം കന്യാസ്ത്രീകളില്‍ 40 കന്യാസ്ത്രീകള്‍ക്കാണ് കൊറോണ പരിശോധനാ ഫലം പോസിറ്റീവായത്.
ഇവരില്‍ ആരോഗ്യനില ഗുരുതരമായ ഒരു കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആഞ്ചലിക് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോള്‍ കോണ്‍വെന്റിലുള്ള 21 കന്യാസ്ത്രീകളില്‍ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.